വ്യാപക നാശം വിതച്ച് കനത്ത മഴ. പയ്യന്നൂരിൽ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കൽപണയിലെ മണ്ണിടിഞ്ഞാണ് അപകടം.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
rain alerts image(385)

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂർ ഒയോളത്തെ ചെങ്കൽപണയിലെ തൊഴിലാളിയാണ് മരിച്ചത്. അസം സ്വദേശി ഗോപാൽ വർമൻ ആണ് അപകടത്തിൽ പെട്ടത്. മഴയ്ക്കിടെ ചെങ്കൽപണയിലെ മണ്ണിടിഞ്ഞാണ് അപകടം.

Advertisment

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ണൂരും കാസർഗോഡും നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


മറ്റന്നാൾ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും. 


രണ്ടു ദിവസത്തിനകം കാലവർഷം കേരളത്തിൽ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അതേ സമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ചേവായൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു.


കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വൻ ഗതാഗതകുരുക്കുണ്ട്. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു.


വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു.

പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകർന്ന് വീണത്.


ആലപ്പുഴ തലവടിയിൽ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഇരുപതിൽചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.


എറണാകുളം കളമശ്ശേരിയിൽ ഓട്ടോക്ക് മുകളിൽ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാൻഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിആർക്കും പരിക്കില്ല; ഒഴിവായത് വൻ അപകടം.ഓട്ടോയുടെ മുൻ സീറ്റിൽ ഉണ്ടായിരുന്ന വ്യക്തി രക്ഷപ്പെട്ടു

Advertisment