കണ്ണൂർ: തെരുവുനായയുടെ കടിയേറ്റു ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസുകാരന് പേവിഷബാധ സ്ഥിരീകരിച്ചു.
തമിഴ്‌നാട് സേലം സ്വദേശികളായ മണികണ്ഠന്റെയും ജാതിയയുടെയും മകൻ ഹരിത്തിനെ മെയ് 31ന് പയ്യാമ്പലത്തെ വാടകവീട്ടിൽവച്ചാണ് തെരുവനായയുടെ കടിച്ചത്.
അന്നുതന്നെ കുട്ടിക്ക് പേവിഷബാധയ്‌ക്കെതിരായ റാബീസ് വാക്‌സിൻ ജില്ലാ ആശുപത്രിയിൽ നൽകിയിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതോടെ കണ്ണൂരിൽ ചികിത്സതേടി.
പേവിഷബാധ സംശയത്തെ തുടർന്ന് ജൂൺ 17ന്‌പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അന്നുതന്നെ ഹരിത്തിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ സുദീപ്, തുടങ്ങി വിവിധ വകുപ്പു മേധാവികളുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽബോർഡ് രൂപീകരിച്ച് ചികിത്സയും ആരംഭിച്ചിരുന്നു.
ആദ്യഘട്ടത്തിൽ റാബീസ് സ്ഥിരീകരിക്കാത്തതിനെ തുടർന്ന് നിപ, കോവിഡ് വൈറസ് ബാധയുൾപ്പെടെ പരിശോധിച്ചിരുന്നു. ഇതെല്ലാം നെഗറ്റീവായിരുന്നു.
എന്നാൽ കണ്ണിനുചുറ്റും കടിയേറ്റതിനാൽ മസ്‌തിഷ്‌ക നാഡീവ്യൂഹത്തിലേക്ക് പെട്ടന്ന് പേവിഷബാധ കയറിയതിനാൽ വാകസിന്റെ ഫലപ്രാപ്‌തിയില്ലാതായതായിരിക്കാമെന്നും മെഡിക്കൽബോർഡ് വിലിരുത്തിയിരുന്നു.
12 ദിവസം വെന്റിലേറ്റർ സഹായത്തോടെ അതിജീവിച്ച ഹരിത്ത് 28ന് പകൽ 11ഓടെയാണ് മരിച്ചത്.