കണ്ണൂര്‍: ശിക്ഷയില്‍ ഇളവ് ലഭിച്ച ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി.
പരോളിലായിരുന്ന ഷെറിന്‍ ഇന്ന് നാലുമണിയോടെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ശിക്ഷാ ഇളവ് നല്‍കണമെന്ന ശിപാര്‍ശ കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. പതിനാല് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.
2009 നവംബര്‍ ഏഴിനാണു ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഷെറിന്റെ ഭര്‍തൃപിതാവാണ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍.
ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയ മകന്‍ ബിനു പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു ഇവരുടെ വിവാഹം.
ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാരണവര്‍ക്കും ഭാര്യ അന്നമ്മയ്‌ക്കൊമൊപ്പമായിരുന്നു താമസം.
അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്‌നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.
അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി.
മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.