/sathyam/media/media_files/2025/03/01/sQpFLEID77EuiKHtKAyV.jpg)
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാൻ എത്തിയ വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചതായി പരാതി.
പയ്യന്നൂർ എടാട്ട് ക്യാമ്പസിലെ വിദ്യാർത്ഥിയും ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫഹീമിനെയാണ് തട്ടിക്കൊണ്ടു പോയത്.
പയ്യന്നൂർ കോളേജ് യൂണിയൻ ഓഫീസിൽ തടങ്കലിൽ പാർപ്പിച്ച വിദ്യാർത്ഥിയെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ച ശേഷമാണ് വിട്ടയച്ചത്.
ഈ മാസം 26നാണ് കണ്ണൂർ സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പ്.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്ക് അവസാനിച്ചു. അതിനിടയിലാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ കാത്തുനിന്ന വിദ്യാർത്ഥിയെ എസ്എഫ്‌ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയന്ന പരാതി.
പയ്യന്നൂർ എടാട്ടെ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ ആണ് സംഭവം. കോളേജിലെ ആദ്യവർഷ പിജി വിദ്യാർത്ഥിയും ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫഹീമിനെയാണ് തട്ടിക്കൊണ്ടു പോയത്.
രാവിലെ 9.45 ഓടെ കോളേജ് ഓഫീസിനു മുന്നിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയ വിദ്യാർത്ഥിയെ ഉച്ചയ്ക്ക് ഒരു മണിവരെ പയ്യന്നൂർ കോളേജിന്റെ യൂണിയൻ ഓഫീസിനുള്ളിൽ തടങ്കലിൽ പാർപ്പിച്ചു.
നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ രണ്ട് കെഎസ്യു പ്രവർത്തകരെയും സമാന രീതിയിൽ തട്ടിക്കൊണ്ടു വരികയും മർദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
സംഭവത്തിൽ പരാതി നൽകുമെന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.
വർഷങ്ങളായി എസ്എഫ്‌ഐ എതിരാളികൾ ഇല്ലാതെ ജയിക്കുന്ന ജില്ലയിലെ കാമ്പസുകളിൽ ഒന്നാണ് എടാട്ടെ യൂണിവേഴ്‌സിറ്റി ക്യാമ്പസ്.