കണ്ണൂർ സെൻട്രൽ ജയിലിലെ എല്ലാ ജീവനക്കാർക്കെതിരെയും നടപടി. എല്ലാവരെയും സ്ഥലംമാറ്റാൻ നടപടി തുടങ്ങി. പോലീസ് റിപ്പോർട്ട് കിട്ടിയാലുടൻ കൂടുതൽ പേരെ സസ്പെൻഡ് ചെയ്യും. രക്ഷപെടാൻ സഹായിച്ച ജീവനക്കാർക്കും തടവുകാർക്കുമെതിരേ കേസ്. ജയിലിലെ ഫോൺവിളിയും ലഹരിയുപയോഗവും അന്വേഷിക്കും. മൂന്നു മാസമായി സെല്ലിന്റെ അഴികൾ മുറിച്ചിട്ടും ജീവനക്കാർ അറിയാതിരുന്നത് ദുരൂഹം. ജയിൽചാട്ടത്തിന് അകത്തുനിന്നും ഒത്താശ

New Update
murder.1.2844618

തിരുവനന്തപുരം: കണ്ണൂർ ജയിലിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ച് ജീവപര്യന്തം തടവുകാരൻ ഗോവിന്ദച്ചാമി രക്ഷപെട്ടതിൽ കണ്ണൂർ സെൻട്രൽ ജയിലിലെ എല്ലാ ജീവനക്കാർക്കെതിരെയും കൂട്ട നടപടി വരുന്നു.

Advertisment

ജയിലിലെ എല്ലാ ജീവനക്കാരെയും സ്ഥലംമാറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്. ജയില്‍ ഉത്തരമേഖലാ ഡിഐജിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ 4 ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു.


കൂടുതൽ പേർക്കെതിരേ അച്ചടക്ക നടപടി പോലീസ് റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും. ഗോവിന്ദച്ചാമി രക്ഷപെട്ട രാത്രിയിൽ ആ ബ്ലോക്കിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവ‌ർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടിയുണ്ടാവും.


തടവുകാരെ രക്ഷപെടാൻ സഹായിച്ച ജീവനക്കാർക്കും തടവുകാർക്കുമെതിരേ കേസെടുക്കാനും വകുപ്പുണ്ട്. തടവുചാടിയ രീതിയടക്കം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.  

GOVINDACHAMI

ജീവനക്കാരുടെയോ തടവുകാരുടെയോ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നും ജയിൽചാട്ടത്തിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നും അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

അതിസുരക്ഷാ ജയിലില്‍ ഗുരുതര വീഴ്ചയുണ്ടായെന്നു വ്യക്തമാക്കുന്നതാണ് ജയിൽ ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമെന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ക്കു വ്യാപകമായ സ്ഥലമാറ്റമുണ്ടാകുമെന്നാണ് വിവരം.


സ്ഥലമാറ്റവുമായി ബന്ധപ്പെട്ടു പട്ടിക തയാറാക്കുന്ന നടപടി ജയില്‍ മേധാവിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നതായാണു സൂചന.


പോലീസിന്റെ വിശദ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു ശേഷമാകും വീഴ്ചയുണ്ടായ ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടികള്‍ സ്വീകരിക്കുക.  മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായി ഗോവിന്ദച്ചാമി മൊഴി നല്‍കിയിട്ടുണ്ട്. ഇതും ഗൗരവമായാണ് ജയില്‍ ഉന്നതര്‍ കാണുന്നത്. ജയില്‍ ചാട്ടത്തിന് പുറത്തു നിന്നുള്ളവരുടെ പിന്തുണ ലഭിച്ചതായാണ് കണക്കാക്കുന്നത്. 

govindachami-3

ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കാനാണ് നിര്‍ദേശം. അന്തര്‍ സംസ്ഥാന ലഹരി മാഫിയയുടെ പിന്തുണയുണ്ടായിരുന്നെന്ന സംശയവും പരിഗണിക്കുന്നു. ഇക്കാര്യത്തിലും അന്വേഷണമുണ്ടാകും.

കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ജയില്‍ ചാട്ടത്തിനായി അഴികള്‍ മുറിയ്ക്കുന്നത് അടക്കമുള്ള പ്രവൃത്തികള്‍ ഗോവിന്ദച്ചാമി നടത്തിയിട്ടും ജീവനക്കാര്‍ എന്തുകൊണ്ടു കണ്ണടച്ചുവെന്ന കാര്യത്തിലും അന്വേഷണമുണ്ടാകും.

ജയില്‍ചാട്ടത്തിന് ഒത്താശ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നിയമ നടപടി സ്വീകരിക്കാന്‍ ജയില്‍ ചട്ടത്തില്‍ പറയുന്നുണ്ട്.

Advertisment