/sathyam/media/media_files/2025/04/02/T2l9uOz5WEC2cOqJUas3.jpg)
കണ്ണൂർ: ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാൻ പ്രധാനമായും രണ്ടു പാതകളാണ്. ഒന്ന് നിടുംപൊയിലിൽ നിന്ന് പേര്യ ചുരം വഴിയും മറ്റൊന്ന് കൊട്ടിയൂർ പാൽചുരം പാത വഴിയും. മഴക്കാലമായാൽ രണ്ടു പാതകളിലും ഗതാഗത തടസ്സം ഉണ്ടാവുന്നതും പതിവ്. ഇതിൽ ഏറ്റവും ദുർഘടമായ പാതയാണ് കൊട്ടിയൂർ -പാൽചുരം-ബോയിസ്ടൗൺ -മാനന്തവാടി ചുരം റോഡ്.
റോഡ് തകർന്നും മണ്ണിടിഞ്ഞു വീണും മിക്കപ്പോഴും ഗതാഗത തടസ്സം. മഴക്കാലമായാൽ അപകട ഭീഷണി ഏറെയാണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുന്ന അധികൃതർക്കെതിരെ ഈ റോഡൊരു 'വെള്ളാന'യാണെന്ന ആക്ഷേപം ശക്തവുമാണ്.
എന്നാൽ ഈ റോഡ് നിർമ്മിക്കുന്നതിന് മുൻപ് തന്നെ മറ്റൊരു പ്രധാനപ്പെട്ട ആവശ്യം നാട്ടുകാർ മുന്നോട്ട് വെച്ചിരുന്നു. നിലവിലുള്ള അമ്പായത്തോട് -ബോയ്‌സ് ടൗണ്‍ പാതക്ക് പകരം തലപ്പുഴ 44-ാം മൈല്‍ താഴെ പാല്‍ച്ചുരം -അമ്പായത്തോട് ബദല്‍ പാത വേണമെന്ന ആവശ്യമാണത് .
ഈ ആവശ്യമുന്നയിച്ച് മുട്ടാത്ത വാതിലുകളില്ല. മുറവിളികൾക്ക് കുറവൊട്ടുമേ ഉണ്ടായില്ല പക്ഷെ പ്രാഥമികമായ ചർച്ച പോലും സർക്കാർ ഇക്കാര്യത്തിൽ നടത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഈ സാഹചര്യത്തിൽ ആഴ്ചകൾക്ക് മുൻപ് വയനാട്ടിലെയും കണ്ണൂരിലെയും തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാരുൾപ്പടെ സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ കൊട്ടിയൂരിൽ കൂട്ടായ്മ നടത്തി. സർവകക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് തീരുമാനം.
അപകടകരമായ ചുരമില്ല എന്നതാണ് ബദൽ പാത പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ നിലനിൽക്കുന്ന വലിയൊരു തടസ്സം വന മേഖലയുടെ സാന്നിദ്ധ്യമാണ് .
അതേസമയം നിലവിൽ വനനിയമങ്ങളില്‍ ചില ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ചുരം രഹിതപാത യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും ജനപ്രതിനിധികളും.
നിലവിലുള്ള പാല്‍ച്ചുരം വഴി വയനാട് ജില്ലയിലേക്കെത്താൻ പത്ത് കിലോമീറ്ററോളം സഞ്ചരിക്കണം.എന്നാൽ ബദല്‍പ്പാത യാഥാര്‍ഥ്യമായാല്‍ 8.3 കിലോമീറ്റര്‍ ദൂരം കൊണ്ട് കൊട്ടിയൂർ അമ്പായത്തോടിൽ നിന്ന് മാനന്തവാടി തലപ്പുഴ 44-ാംമൈലില്‍ എത്താൻ കഴിയുമെന്നതാണ് ഉയരുന്ന ആവശ്യങ്ങളുടെ പ്രസക്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us