/sathyam/media/media_files/2025/08/10/kanthapuram-2025-08-10-22-51-29.jpg)
കോഴിക്കോട്: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് തന്റെ ഇടപെടല്‍ പൂര്‍ത്തിയായതായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍.
നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെട്ടത് മാനവികത മുന്‍നിര്‍ത്തിയാണ്. ഇടപെടല്‍ നടത്തിയ സമയത്ത് ഓരോ വിവരങ്ങളും സര്‍ക്കാരുമായി പങ്കുവച്ചിരുന്നെന്നും ആരെയും മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്നും രിസാല അപ്‌ഡേറ്റിന് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം വ്യക്തമാക്കുന്നു.
'യെമനിലെ പണ്ഡിതന്‍മാരുമായി തനിക്ക് ബന്ധമുണ്ട്. അവര്‍ പറഞ്ഞാല്‍ നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ കേള്‍ക്കുമെന്ന ധാരണയുണ്ട്. പ്രായശ്ചിത്തം നല്‍കി മാപ്പ് നല്‍കുക എന്നൊരു നിയമമുണ്ട് ഇസ്‌ലാം മതത്തില്‍.
നിമിഷ പ്രിയയ്ക്ക് മാപ്പ് കൊടുക്കുമോ എന്നറിയാന്‍ യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടു. അവര്‍ ജഡ്ജിമാരോട് അടക്കം സംസാരിച്ചു. ഈ കേസില്‍ എന്താണ് താത്പര്യം എന്ന് അവര്‍ ചോദിച്ചിരുന്നു. താന്‍ പറയുന്ന മാനവിക പ്രത്യക്ഷത്തില്‍ പ്രകടമാക്കി കാണിച്ചു കൊടുക്കുന്നത് നന്നായിരിക്കും എന്ന മറുപടിയില്‍ ആണ് അവര്‍ ഇടപെടലിന് തയ്യാറായത്.
ഇതിന് പിന്നാലെ ആദ്യം വധശിക്ഷ ഒരു ദിവസത്തേക്കു നീട്ടി. പിന്നീട് റദ്ദ് ചെയ്തു. ഞങ്ങളുടെ പണി അതോടെ കഴിഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാര്‍തലത്തില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'' എന്നും കാന്തപുരം അറിയിച്ചു.