അരൂർ: കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ ജയകൃഷ്ണനാണ് (26) എരമല്ലൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടിൽ പ്രേംജിത്തിനെ (23) നെയാണ് പൊലീസ് പിടികൂടിയത്. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാള്‍ക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി ആണ്.
കമ്പനിയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട വിതരണം ചെയ്യുന്ന ജോലിയായിരുന്നു ജയകൃഷ്ണന്. ജയകൃഷ്ണൻ ഓടിക്കുന്ന വാഹനത്തിലെ സഹായിയാണ് പ്രേംജിത്. ജയകൃഷ്ണന്റെ പേരിൽ നിരവധി കേസുകളാണ് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുളളത്.
മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം മുതലായ കേസുകളിൽ പ്രതിയായിരുന്ന ജയകൃഷ്ണൻ. ഇതിനെ തുടർന്നാണ് ജയകൃഷ്ണൻ കാപ്പ നിയമപ്രകാരം നാട്ടുകടത്തപ്പെട്ടത്.
ജോലിയ്ക്ക് പോകുന്ന സമയത്ത് ജയകൃഷ്ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. കൂടാതെ കേസുകളിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതക കാരണമെന്ന് പൊലീസ് അറിയിച്ചു.
ജയകൃഷ്ണനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാര കൊണ്ട് തലക്കടിച്ചും കത്തികൊണ്ട് മുതുകിൽ കുത്തിയുമാണ് കൊലപ്പെടുത്തിയത്. ഇരുവരും താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു സംഭവം. ജയകൃഷ്ണൻ ഉറങ്ങിക്കിടക്കവെയാണ് കൊലപ്പെടുത്തിയത്.
ശനിയാഴ്ച പുലർച്ച 4.30ഓടെ എരമല്ലൂർ എൻവീസ് ബാറിന് കിഴക്ക് വശമുള്ള ത്രീസ്റ്റാർ പൊറോട്ട കമ്പനിയിലാണ് കൊലപാതകം നടന്നത്.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിയായ പ്രേംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.