/sathyam/media/media_files/2025/03/16/jYcz9MJOrJOEDd2mwzxd.jpeg)
തിരുവനന്തപുരം: കരമനപാലത്തില്‍ ക്രയിനില്‍ ബസ് തട്ടി ഓയില്‍ ചോര്‍ന്നു. റോഡില്‍ പരന്നൊഴുകിയ ഓയില്‍ ഫയര്‍ഫോഴ്‌സ് എത്തി വൃത്തിയാക്കി.
സമയോചിത ഇടപെടലില്‍ വലിയ അപകടമാണ് ഒഴിവായത്. പാതയോരത്ത് അപകടകരമായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിക്കുന്നതിനായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയ ക്രെയിന്‍ കരമന പാലത്തിന് സമീപം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയോടെ സമീപത്തു കൂടിപ്പോയ തമിഴ്‌നാട് ബസ് ക്രയിനില്‍ തട്ടിയാണ് റോഡില്‍ ഓയില്‍ ലീക്ക് ഉണ്ടായത്. ചെറുവാഹനങ്ങള്‍ ഉള്‍പ്പടെ മറിഞ്ഞ് വീഴുന്ന നിലയിലേക്ക് ഓയില്‍ പടര്‍ന്നു. ക്രയിനില്‍ നിന്നും 150 മീറ്ററോളം ഓയില്‍ വ്യാപിച്ചതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്ന ജോലിക്കാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.
തിരുവനന്തപുരം യൂണിറ്റില്‍ നിന്നെത്തിയ 12 ഓളം ജീവനക്കാര്‍ രണ്ട് മണിക്കൂറോളം പ്രയത്‌നിച്ചാണ് റോഡില്‍ ഗതാഗതം സുഗമമാക്കിയത്. ശക്തമായ വെള്ളവും സോപ്പുപൊടിയും ഉപയോഗിച്ച് കഴുകിയാണ് റോഡില്‍ നിന്നും ഓയില്‍ നീക്കം ചെയ്തത്. സതീഷ് കുമാര്‍, എം. ഷാഫി എന്നീ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി.