കോട്ടയം: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് ഡിസംബര്‍ രണ്ടുമുതല്‍ തുടക്കം കുറിക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് സെന്‍സസിന്റെ ചുമതല.
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്.എ.ഒ) ലോക വ്യാപകമായി സഘടിപ്പിച്ചുവരുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ കാര്‍ഷിക സെന്‍സസ് നടത്തുന്നുണ്ട്.
2021- 22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ വിജയകരമായ ഒന്നാം ഘട്ടത്തിനു ശേഷം (ലിസ്റ്റിംഗ്) രണ്ടും (പ്രധാന സര്‍വേ) മൂന്നും (ഇന്‍പുട്ട് സര്‍വ്വേ) ഘട്ട സര്‍വ്വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയില്‍ ആകെയുള്ള 1344 വാര്‍ഡുകളില്‍ തെരഞ്ഞെടുത്ത 280 വാര്‍ഡുകളില്‍ നിന്നും രണ്ടാം ഘട്ട സര്‍വേയും 100 വാര്‍ഡുകളില്‍നിന്നു മൂന്നാം ഘട്ട സര്‍വ്വേയും നടത്തും.
സര്‍വ്വേയുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ നയരൂപീകരണത്തിന് ഉപയോഗിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ സഹകരണം സെന്‍സസിന്റെ വിജയത്തിന് അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമീപിക്കുമ്പോള്‍ ശരിയായതും പൂര്‍ണമായതുമായ വിവരങ്ങള്‍ നല്‍കി സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.