/sathyam/media/media_files/2025/10/07/karuvann-2025-10-07-20-06-34.jpg)
തൃശൂര്‍: കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയില്‍ പെട്രോള്‍ ഒഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം. നിക്ഷേപത്തുക ആവശ്യപ്പെട്ട് എത്തിയ പൊറത്തിശ്ശേരി സ്വദേശി കൂത്തു പാലയ്ക്കല്‍ സുരേഷാണ് ആക്രമണം നടത്തിയത്.
സംഭവത്തിന് പിറകില്‍ ബിജെപിയാണെന്നാരോപിച്ച് സിപിഎം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ടാരംതറ മൈതാനത്തിന് സമീപം പ്രതിഷേധ സമരം നടത്തി. എന്നാല്‍ സിപിഎം ആരോപണം ബിജെപി നിഷേധിച്ചിട്ടുണ്ട്.
തന്റെ അക്കൗണ്ടിലുള്ള ചെറിയ തുക തിരിച്ചുകിട്ടാന്‍ വേണ്ടി കഴിഞ്ഞ മാസം 19ന് ഇയാള്‍ ബാങ്കില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും ഹെഡ് ഓഫീസില്‍ നിന്നും തുക പാസ്സായി വന്നീട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് തിരിച്ചുപോയ സുരേഷ് തിരികെ പെട്രോളുമായി എത്തി ജീവനക്കാര്‍ക്ക് നേരെയും കൗണ്ടറിലും ബാങ്കിങ് രേഖകളിലും ഉപകരണങ്ങളിലും ഒഴിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു.
രണ്ടു വനിതാജീവനക്കാര്‍ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. സംഭവത്തില്‍ ഇരിങ്ങാലക്കുട പൊലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.