ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിക്കുന്ന മാതൃകാപ്രസ്ഥാനമാണ് ഐഐപിഡി - അടൂര്‍ ഗോപാലകൃഷ്ണന്‍

ലാന്‍ഡ് വാങ്ങാന്‍ സംഭാവന ചെയ്ത അന്തരിച്ച പ്രൊഫ. എം.കെ ലൂക്കയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഐ.ഐ.പി.ഡിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്.

New Update
adoor gopalakrishnan-4

കാസര്‍ഗോഡ്: ലോകത്തിന് മുന്നില്‍ നമ്മുടെ നാട് അവതരിപ്പിക്കുന്ന ഒരു മാതൃക പ്രസ്ഥാനമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസെന്ന് (ഐ.ഐ.പി.ഡി) ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

Advertisment

ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ (ഡി.എ.സി) നേതൃത്വത്തില്‍ കാസര്‍ഗോഡില്‍ ലോകോത്തര മാതൃകയില്‍ ഉയര്‍ന്നു വരുന്ന ഐ.ഐ.പി.ഡിയുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഐ.ഐ.പി.ഡിയുടെ വിജയം സമൂഹത്തിന്റെ സാംസ്‌കാരികവും മാനുഷികവുമായ പുരോഗതിക്ക് നിര്‍ണ്ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഥാകൃത്ത് ടി. പത്മനാഭന്‍, പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന ഡി.എ.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ചു.

'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍' എന്ന കുമാരനാശാന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി കാണിക്കുന്ന വ്യക്തിയാണ് മുതുകാട്. അദ്ദേഹം ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാകാതെ നിന്നിട്ടില്ല.

തന്റെ കാലം കഴിയുന്നതിനുമുമ്പ് തന്നെ ഈയൊരു ബൃഹദ്പദ്ധതി സഫലമായി കാണുവാന്‍ കഴിയുമെന്ന ദൃഢവിശ്വാസമുണ്ടെന്നും അതിന് സാധ്യമാക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇതിന് ചുക്കാന്‍ പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാന്‍ഡ് വാങ്ങാന്‍ സംഭാവന ചെയ്ത അന്തരിച്ച പ്രൊഫ. എം.കെ ലൂക്കയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഐ.ഐ.പി.ഡിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്.

എഗ്രിമെന്റും ആദ്യഗഡുവും മുതുകാട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിക്ക് കൈമാറി. ഡി.എ.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു.

ഡബ്ലിയു.എച്ച്.ഒ ഇന്ത്യന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരണം നടത്തി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിന്റ് ബേബി ബാലകൃഷ്ണന്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത, ദാമോദര്‍ ആര്‍ക്കിടെക്ട് സി.ഇ.ഒ കെ.ദാമോദരന്‍, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രന്‍ മടിക്കൈ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം ഡി.എ.സിയുടെ മാതൃകയില്‍ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങള്‍, അത്യാധുനിക തെറാപ്പി സൗകര്യങ്ങള്‍, പേഴ്‌സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍, ട്രയിനിംഗ് സെന്ററുകള്‍ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങള്‍ കാസര്‍ഗോഡ് ഐ.ഐ.പി.ഡിയില്‍ ഉണ്ടാകും. ഇന്ത്യയിലാദ്യമായാണ് ഇത്രയധികം വിഭാഗങ്ങള്‍ ഒരുമിച്ച് ചേരുന്ന സംരംഭം നടപ്പിലാകുന്നത്. 

 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ലോകമെമ്പാടുമുള്ള നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്.100 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2026ല്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

2029ഓടുകൂടി പദ്ധതി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഭിന്നശേഷിക്കാര്‍ക്കുള്ള സ്ഥാപനമായി ഐ.ഐ.പി.ഡി മാറും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 1000 ഭിന്നശേഷിക്കാര്‍ക്ക് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന രീതിയിലാണ് ക്യാമ്പസ് ക്രമീകരിച്ചിരിക്കുന്നത്.

Advertisment