വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തിയിരുന്നയാള്‍ പിടിയില്‍. ഉപ്പള ബപ്പായത്തൊട്ടിയിലെ മുഹമ്മദ് അര്‍ഷാദിനെയാണ് പൊലീസ് പിടികൂടിയത്.
ഉപ്പള പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അര്‍ഷാദ് പിടിയിലായത്. ഒരു കിലോ കഞ്ചാവും കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസും ചില്ലറ വില്‍പ്പനയ്ക്കായുള്ള പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. ഉപ്പള കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇയാള്‍ ലഹരി വില്‍പന നടത്തിയിരുന്നത്.
മുഹമ്മദ് അര്‍ഷാദിന്റെ ബപ്പായത്തൊട്ടിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കട്ടിലിന് താഴെ ബാഗില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. നേരത്തെയും ഇയാള്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. നേരത്തെ താമസിച്ചിരുന്ന ഉപ്പളയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചാണ് ലഹരി വില്‍പന നടത്തി വന്നിരുന്നത്.