പെരിയ കേസ് പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങിൽ നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് കെ. പി.സി.സിക്ക് കൈമാറും

New Update
1429148-periya.webp

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺ​ഗ്രസ് നേതാക്കൾ പങ്കെടുത്തതിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് കെ. പി.സി.സി ക്ക് കൈമാറും. വിവാഹത്തിൽ പങ്കെടുത്ത കെ.പി. സി.സി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

കേസിലെ 13-ാം പ്രതി എൻ.ബാലകൃഷ്ണ‌ൻ്റെ മകൻ്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് കെ. പി.സി.സി ക്ക് പരാതി നൽകിയത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയ എന്നിവർക്കെതിരെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻപരാതി നൽകിയത്.

പരാതി അന്വേഷിക്കാൻ രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പി.എം നിയാസ് എന്നിവരെ കെ.പി.സി.സി നിയോഗിച്ചിരുന്നു. ഇവർ കഴിഞ്ഞ മാസം 29, 30 തീയതികളിൽ കാസർകോട് എത്തി തെളിവെടുപ്പ് നടത്തിയത്. 38 പേരിൽ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. നേതാക്കൾക്ക് പുറമെ കല്യോട്ടെയും പെരിയയിലെയും കോൺഗ്രസ് പ്രവർത്തകരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഇവർ കുറ്റാരോപിതർക്കെതിരാണ് മൊഴി നൽകിയത്.

Advertisment