'3000 പേർക്ക് അനുമതി നൽകിയ പരിപാടിയിൽ നാലിരട്ടിയോളം ആളുകളെ പങ്കെടുപ്പിച്ചു' ഹനാൻ ഷായുടെ ഗാനമേളക്കിടെ ആളുകൾ കുഴഞ്ഞുവീണ സംഭവത്തില്‍ അഞ്ചുപേർക്കെതിരെ കേസ്

New Update
Hanan sha

കാസർകോട്: ഹനാൻ ഷായുടെ ഗാനമേളക്കിടെ ആളുകൾ കുഴഞ്ഞുവീണതിൽ അഞ്ചു പേർക്കെതിരെ കേസെടുത്തു. സംഘാടകരായ അഞ്ചുപേർക്കെതിരെയും കണ്ടാൽ അറിയാവുന്ന ആളുകൾക്കെതിരെയുമാണ് കേസ്.

Advertisment

സംഘാടകര്‍ പൊലീസ് മുന്നറിയിപ്പ് അവഗണിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. മനുഷ്യജീവനും, പൊതുസുരക്ഷയ്ക്കും അപകടം വരുന്ന രീതിയിൽ പ്രവർത്തിച്ചതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 3000 പേർക്ക് അനുമതി നൽകിയ പരിപാടിയിൽ നാലിരട്ടിയോളം ആളുകളെ പങ്കെടുപ്പിച്ചെന്നും പൊലീസ് പറയുന്നു.പതിനായിരത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നും പൊലീസ് പറയുന്നു.

ഹനാൻഷയായുടെ പരിപാടിയിൽ തിക്കും തിരക്കിലുംപ്പെട്ട് പത്ത് പേരാണ് കുഴഞ്ഞു വീണത്. കാസർകോട് യുവജന കൂട്ടായ്‌മയായ 'ഫ്ലീ' യുടെ നേതൃത്വത്തിൽ നടത്തിയ ഗാനമേളക്കിടയിലാണ് അപകടം. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്തു.

'ഫ്ലീ' യുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ സമാപന ദിവസം ഹനാൻ ഷാ ആയിരുന്നു മുഖ്യാതിഥിതി. കാസർകോട് പുതിയ ബസ്റ്റാൻ്റ് പരിസരത്തെ സ്വകാര്യ സ്ഥലത്ത് ഒരുക്കിയ പ്രത്യേക വേദിയിലായിരുന്നു പരിപാടി. ഹനാൻ ഷായുടെ പാട്ടുകൾ കേൾക്കാൻ സ്ത്രീകളും കുട്ടികൾ ഉൾപ്പടെ നിരവധി പേരെത്തി.

 പ്രത്യേക വേദിയിൽ കയറാൻ കഴിയാത്ത നിരവധി പേർ പുറത്ത് ദേശീയ പാതയോരത്ത് തടിച്ച് കൂടി. ഇതോടെ തിക്കിലും തിരക്കിലും പ്പെട്ട് ശ്വാസം കിട്ടാതെ നിരവധി പേർ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീണ 10 പേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. മതിയായ സൗകര്യം ഒരുക്കാതെയാണ് സംഘാടകർ പരിപാടി നടത്തിയതെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.

Advertisment