/sathyam/media/media_files/MStsRDEtBFkSj33Gvs6d.jpg)
കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ആക്രമണത്തില്‍ നിന്ന് രണ്ടു വയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുമ്പോള്‍ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റര്‍ അടുത്തുവരെ പുലിയെത്തി.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
അശോകന്‍ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകന്‍ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടന്‍ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളില്‍ കയറി.
അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചെളിയില്‍ പതിഞ്ഞ കാല്‍പാടുകള്‍ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു.
പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തി. മുളിയാര്‍ പഞ്ചായത്തില്‍ 2 വര്‍ഷത്തോളമായി പുലിശല്യം തുടര്‍ക്കഥയാണെങ്കിലും ആദ്യമായാണു പട്ടാപ്പകല്‍ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്.