/sathyam/media/media_files/2025/04/18/k5z82s9ntsnuE30ISASD.jpg)
കാസർഗോഡ് : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന് കാസർഗോട്ടെ കാലിക്കടവിൽ തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരിൽ ഭൂരിഭാഗം പേരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കാസർഗോട്ടെ പരിപാടിക്കായി എത്തും.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ പത്തിന് നടക്കുന്ന പരിപാടിയിൽ മന്ത്രി കെ രാജനാണ് അധ്യക്ഷത വഹിക്കുക.
തുടർന്ന് ജില്ലാ തല യോഗം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തിൽ നടക്കും. ക്ഷണിക്കപ്പെട്ട അഞ്ഞൂറ് പേരെയാണ് ജില്ലാ തല യോഗത്തിൽ പങ്കെടുപ്പിക്കുന്നത്.
വ്യവസായികളെയും പ്രവാസികളെയും 'സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തി'കളേയും യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ഒപ്പം സർക്കാർ സേവനങ്ങളുടെ ഗുണഭാക്താക്കളെയും ട്രേഡ് യൂണിയൻ നേതാക്കളെയും തൊഴിലാളി പ്രതിനിധികൾ, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ ഉൾപ്പടെയുള്ളവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഏപ്രില്‍, മെയ് മാസങ്ങളിലായാണ് ആഘോഷ പരിപാടികൾ . എല്ലാ ജില്ലകളിലെയും പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
അതേസമയം സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കാൻ 25 കോടി രൂപയാണ് സർക്കാർ ചെലവഴിക്കാൻ പോകുന്നതെന്ന വിവാദങ്ങൾ ഉയർന്നതോടെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രിക്കും എൽ ഡി എഫിനുമെതിരെ ഉയരുന്നത്.
തലസ്ഥാനത്ത് ശമ്പള-ആനുകൂല്യ വർധനയ്ക്കായി സമരം തുടരുന്ന ആശാ വർക്കർമാരോടും സി പി ഓ റാങ്ക് ലിസ്റ്റിൽ നിയമനം നടത്തണമെന്ന ആവശ്യമുന്നയിച്ച് സമര രംഗത്തുള്ള ഉദ്യോഗാർത്ഥികളോടും മുഖ്യമന്ത്രിയും സർക്കാരും നിരന്തര അവഗണന തുടരുമ്പോൾ സർക്കാരിന്റെ വാർഷികാഘോഷം പൊടിപൊടിക്കാൻ 25 കോടി രൂപ ചെലവിടുന്നത് ധൂർത്ത് ആണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us