കാസർകോട് : കാസർകോട് ജില്ലയിൽ ശക്തമായ മഴയിൽ റോഡ് ഇടിഞ്ഞ് ഗതാഗത തടസം. ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ നിരവധി ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ദേശീയ പാത 66 ന്റെ നിർമാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാൽ ഗതാഗത തടസം നേരിട്ടു.
ചട്ടഞ്ചാൽ തെക്കിൽ വളവിൽ കുന്നിടിഞ്ഞതിനാൽ വെള്ളിയാഴ്ച രാവിലെ മുതൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മലയോര ഹൈവേയിൽ നന്ദാരപ്പദവ് -ചേവാർ റൂട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ ഇതുവഴിയും ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മിയാപദവ് പൈവളികെ ഉപ്പള റൂട്ടിൽ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കാരിയങ്കോട്, ചന്ദ്രഗിരി, കുമ്പള പുഴകൾ കരകവിഞ്ഞൊഴുകുന്നതിനാൽ ചില ഭാഗങ്ങളിൽ ആളുകൾ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുകയോ, മാറ്റി പാർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.