/sathyam/media/media_files/2025/08/17/images-1280-x-960-px100-2025-08-17-22-47-59.jpg)
കാസർകോട്: കാസർകോട് കുണ്ടംകുഴിയിൽ അധ്യാപകന്റെ മർദനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റതായി പരാതി.
കുണ്ടംകുഴി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിക്കാണ് ഹെഡ്മാസ്റ്ററുടെ ക്രൂരമർദനമേറ്റത്.
മർദനത്തിൽ കുട്ടിയുടെ കർണപുടത്തിന് പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചെന്ന് രക്ഷിതാക്കൾ പറഞ്ഞു. 11 ാം തീയ്യതി തിങ്കളാഴ്ചയായിരുന്നു സംഭവം.
അസംബ്ലിക്കിടെ കാലുകൊണ്ട് ചരൽ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകൻ കുട്ടിയെ മർദിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം.
മറ്റ് കുട്ടികളുടെ മുന്നിൽ വച്ചാണ് അധ്യാപകൻ കുട്ടിയെ തല്ലിയത്. കോളറിൽ പിടിച്ച് മുഖത്തടിച്ചു എന്ന് 15 കാരന്റെ സഹപാഠികൾ അറിയിച്ചതായും മാതാവ് പറയുന്നു.
രാത്രി ഉറങ്ങാൻ പറ്റാത്ത നിലയിൽ വേദന ആനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോയത്. ആറുമാസത്തോളം സൂക്ഷിക്കണം എന്ന് ഡോക്ടർമാർ നിർദേശിച്ചു.
വെള്ളം ഉൾപ്പെടെ തട്ടരുതെന്നാണ് പറഞ്ഞത്. അല്ലാത്ത പക്ഷം ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചതായും രക്ഷിതാക്കൾ ആരോപിച്ചു.
അതേസമയം, കുട്ടിയ്ക്ക് മർദനമേറ്റ സംഭവം ഒതുക്കി തീർത്താനും അധ്യാപകർ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. പിടിഎ പ്രസിഡന്റ് ഉൾപ്പെടെ എത്തിയാണ് ഒത്തുതീർപ്പിന് ശ്രമിച്ചതെന്നാണ് മാതാവിന്റെ പ്രതികരണം.