വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം. ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വകുപ്പുതല നടപടിക്കും സാധ്യത

കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.

New Update
images (1280 x 960 px)(130)

കാസര്‍കോട്: കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. 

Advertisment

ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 


കഴിഞ്ഞ ദിവസം തെറ്റ് സംഭവിച്ചതായി ഹെഡ്മാസ്റ്റര്‍ ഏറ്റുപറഞ്ഞിരുന്നു. പിടിഎ യോഗത്തില്‍ അധ്യാപകന്‍ തെറ്റ് സമ്മതിച്ചതായി അറിയിക്കുകയായിരുന്നു. 


കുട്ടിക്ക് ചികിത്സ സഹായം വാഗ്ദാനം ചെയ്തതായും അടിച്ചപ്പോള്‍ ലക്ഷ്യം തെറ്റുകയായിരുന്നുവെന്നും അധ്യാപകന്‍ യോഗത്തില്‍ അറിയിച്ചു. 

അതിനിടെ വിദ്യാര്‍ഥിക്ക് അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. 


വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ നിയമംനോക്കി മാത്രമേ ശിക്ഷിക്കാവൂ എന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കുന്ന നിലയുണ്ടാകാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.


കുണ്ടംകുഴി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിക്കാണ് അധ്യാപകന്റെ ക്രൂരമര്‍ദനമേറ്റത്. ഓഗസ്റ്റ് 11നായിരുന്നു സംഭവം. 

സ്‌കൂള്‍ അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചാണു മര്‍ദിച്ചതെന്നും മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം നിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതുചെവിയില്‍ പിടിച്ചു പൊക്കുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.


വിദ്യാര്‍ഥിയെ ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചു. തുടര്‍ന്ന്, കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് വലതുചെവിക്കു കേള്‍വിക്കുറവുണ്ടെന്നും കര്‍ണപുടം പൊട്ടിയെന്നും കണ്ടെത്തി. കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേനമാക്കണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.


ആദ്യം പ്രധാന അധ്യാപകന്‍ ആരോപണം നിഷേധിച്ചിരുന്നു. സമീപത്തെ കടയില്‍ കുട്ടികള്‍ മോഷണം നടത്തിയതായി മറ്റൊരു അധ്യാപകന്‍ പറഞ്ഞതിനെത്തുടര്‍ന്നു കുട്ടികളെ ശാസിച്ചിരുന്നു. അതിന്റെ വിരോധത്തിലാകാം, കുട്ടി വീട്ടില്‍ പരാതി പറഞ്ഞതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം.

Advertisment