കായംകുളം നഗരസഭയിൽ ഭരണപക്ഷത്ത് ഭിന്നത രൂക്ഷം, കൗൺസിലിൽ പൊട്ടിക്കരഞ്ഞ് കൗൺസിലർ

New Update
KAYAMKULAM

കായംകുളം : കായംകുളം നഗരസഭയിൽ ചെയർപേഴ്സനും ഭരണകക്ഷി കൗൺസിലറും തമ്മിൽ നടന്ന കൈയാങ്കളിക്കൊടുവിൽ ഇരുവരും പരാതിയുമായി കായംകുളം സിപിഎം ഏരിയാ നേതൃത്വത്തിന് മുന്നിലെത്തി. 

Advertisment

ചെയർപേഴ്സൻ പി ശശികലയും 24-ാം വാർഡ് ഇടതുപക്ഷ സ്വതന്ത്ര കൗൺസിലർ ഷാമില അനിമോനും തമ്മിലാണ് ചെയർപേഴ്സന്റെ ക്യാബിനിൽ തുറന്ന പോരടിച്ചത്. 

ഒടുവിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച സംഭവം ഭരണപക്ഷത്തിനുള്ളിൽ രൂക്ഷമായ ഭിന്നതയുടെ സൂചനയായി മാറിയിരിക്കുകയാണ്. 

കഴിഞ്ഞ ഒക്ടോബർ 9-ന് നടന്ന നഗരസഭ കൗൺസിലിൽ 14 അജണ്ടകളാണ് അന്ന് പരിഗണനയ്ക്ക് എടുത്തത്. എന്നാൾ കൗൺസിലിന്റെ അംഗീകാരത്തോടെ 14 അജണ്ടകളും പാസാക്കിയെങ്കിലും പിന്നീട് കൗൺസിൽ അംഗീകാരമില്ലാതെ ചെയർപേഴ്സൻ മൂന്ന് അജണ്ടകൾ കൂടി പാസാക്കിയതായി മിനിറ്റ്സിൽ എഴുതിച്ചേർത്തത് ഭരണപക്ഷ കൗൺസിലർ ഷാമില അനിമോൻ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

ചെയർപേഴ്സന്റെ ചേമ്പറിലെത്തിയ തന്നെ ചെയർപേഴ്സൻ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന് കൗൺസിലർ ഷാമില അനിമോൻ പറയുമ്പോൾ. എന്നാൽ കൗൺസിലർ തന്റെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ചെയർപേഴ്സന്റെയും വാദം. 

സംഭവത്തിൽ ഇരുവരും സിപിഎം കായംകുളം ഏരിയാ കമ്മിറ്റിക്ക് പരാതി നൽകി. ക്യാബിനിൽ കയറി ഭീഷണിപ്പെടുത്തിയ കൗൺസിലർക്കെതിരെ നടപടി വേണമെന്ന് ചെയർപേഴ്സനും തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ചെയർപേഴ്സനെതിരെ നടപടി വേണമെന്ന് കൗൺസിലറും ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് ഷാമില അനിമോൻ പൊട്ടിക്കരഞ്ഞ് ചേംബർ വിട്ടുപോയതായാണ് വിവരം. കിലുക്കം സിനിമയിൽ രേവതിയും മോഹൻലാലും ചേർന്ന കോമഡി സീനുകളെ വെല്ലുന്ന രംഗങ്ങളാണ് അരങ്ങേറിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

തന്റെ ക്യാബിനിൽ കയറി അധിക്ഷേപിച്ച കൗൺസിലറോട് ഇറങ്ങിപ്പോകാൻ പറഞ്ഞു, മത്തുപിടിച്ച നിലയിൽ സംസാരിച്ചു എന്നാണ് ചെയർപേഴ്സന്റെ വിശദീകരണം. 

തന്നെ അധിക്ഷേപിച്ച ചെയർപേഴ്സന്റെ മേശപ്പുറത്തെ ഫയലുകളും മറ്റും താൻ തട്ടിക്കളഞ്ഞു എന്നാണ് കൗൺസിലറുടെ ഭാഷ്യം. ഇത്രയേ തങ്ങൾ ചെയ്തുള്ളൂ എന്ന മട്ടിലാണ് പാർട്ടി നേതൃത്വത്തിന് ഇരുവരും നൽകിയ മൊഴി എന്നാണ് അറിയുന്നത്.  

എന്നാൾകായംകുളം എം എൽ എ യു. പ്രതിഭയും , നഗരസഭ ചെയർപേഴ്സൺ പി. ശശികലയും തമ്മിലുള്ള ചേരിപ്പോരിലെ ഒടുവിലെ അധ്യായമാണ് ഈ സംഭവം എന്ന് വിലയിരുത്തപ്പെടുന്നു. 

ഷാമില അനിമോൻ ഉൾപ്പെടെ മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ എം.എൽ.എ അനുകൂലികളാണെന്നത് പരസ്യമായ രഹസ്യമാണ്. ഇവരോട് നഗരസഭ ചെയർപേഴ്സന് മമത ഇല്ലെന്നതും അങ്ങാടിപ്പാട്ടാണ്. 

നേരത്തെ മുതൽ ചെയർപേഴ്സന്റെ വഴിവിട്ട ഭരണരീതികൾക്കെതിരെഈ വനിതാ കൗൺസിലർമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഭരണപക്ഷത്തെ അഭിപ്രായഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.  

മുനിസിപ്പൽ തെരഞ്ഞെടുപ്പ് അടുത്തതോടെ ഈ പ്രശ്നങ്ങൾ എൽ. ഡി. എഫിന് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് പിന്നാo പുറ സംസാരം.

റിപ്പോർട്ട്: വാഹിദ് കൂട്ടേത്ത്

Advertisment