കായംകുളത്ത് അഭിഭാഷകൻ പിതാവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പോലീസ്. കൊലപാതകം സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്. പ്രതി സ്പെയർ താക്കോൽ ഉപയോഗിച്ച് അലമാര തുറക്കാൻ ശ്രമിച്ചെന്നും കണ്ടെത്തൽ

New Update
kerala police vehicle1

കായംകുളം: കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംഗ്ഷനിൽ അഭിഭാഷകൻ പിതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പീടികച്ചിറയിൽ നടരാജൻ (63) കൊല്ലപ്പെട്ടത് ലഹരിപ്പുറത്തുള്ള തർക്കം മൂലമല്ലെന്നും, സാമ്പത്തിക ലക്ഷ്യത്തോടെയുള്ള ആസൂത്രിത കൊലപാതകമാണെന്നുമാണ് പോലീസിന് ലഭിക്കുന്ന സൂചന.

Advertisment

ലഹരിക്ക് അടിമയായിരുന്ന മകൻ നവജിത് പെട്ടെന്നുണ്ടായ പ്രകോപനത്തിൽ അക്രമം നടത്തിയെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ നടരാജന്‍റെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴു ലക്ഷത്തോളം രൂപയും 50 പവനോളം സ്വർണാഭരണങ്ങളും കൈക്കലാക്കാനുള്ള ശ്രമമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

പണം ആവശ്യപ്പെട്ട് മകൻ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നതിനാൽ നടരാജൻ അലമാരയുടെ താക്കോൽ എപ്പോഴും ഷർട്ടിന്‍റെ പോക്കറ്റിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ സംഭവത്തിന് ശേഷം പോലീസ് പരിശോധിക്കുമ്പോൾ അലമാരയിൽ മറ്റൊരു താക്കോൽ കണ്ടെത്തിയിരുന്നു. 

സ്പെയർ താക്കോൽ ഉപയോഗിച്ച് അലമാര തുറക്കാൻ നവജിത് ശ്രമിച്ചിരുന്നതായാണ് ഇത് നൽകുന്ന സൂചന. സംഭവം നടന്ന ദിവസം ഉച്ചകഴിഞ്ഞ് വീട്ടിൽ വഴക്കുണ്ടാവുകയും, തുടർന്ന് നവജിത് പലതവണ പുറത്തുപോവുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അമ്മയുടെ നില അതീവ ഗുരുതരമാണ്. മകന്‍റെ വെട്ടേറ്റ് ഗുരുതര പരിക്കേറ്റ മാതാവ് സിന്ധു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തലയ്ക്കും കൈകൾക്കും ആഴത്തിൽ മുറിവേറ്റ ഇവർക്ക് ഇതിനോടകം മൂന്ന് ശസ്ത്രക്രിയകൾ നടത്തി. 

തലയ്ക്ക് നേരെയുണ്ടായ വെട്ട് തടുക്കുന്നതിനിടെ രണ്ട് കൈവിരലുകൾ പൂർണ്ണമായും അറ്റുപോയിരുന്നു. ഭർത്താവ് കൊല്ലപ്പെട്ടതോ മകൻ ജയിലിലായതോ അറിയാതെയാണ് സിന്ധു ജീവനുവേണ്ടി പോരാടുന്നത്. 

മകന് കഴിക്കാനായി മേശപ്പുറത്ത് അമ്മ വിളമ്പിവെച്ച ഭക്ഷണത്തിന് മുന്നിലായിരുന്നു രക്തത്തിൽ കുളിച്ചുകിടന്ന ദമ്പതികളെ കണ്ടെത്തിയത് എന്നത് നാടിനെ ആകെ നൊമ്പരത്തിലാഴ്ത്തി.

കൊല്ലപ്പെട്ട നടരാജന്‍റെ സംസ്കാരം കഴിഞ്ഞ ദിവസം രാവിലെ വീട്ടുവളപ്പിൽ നടന്നു. അതിനിടെ, പൂർണഗർഭിണിയായ നവജിത്തിന്‍റെ ഭാര്യ നവ്യയെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പോലീസ് ഹരിപ്പാട് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

Advertisment