/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
ആലപ്പുഴ: പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.
പിഎം ശ്രീ കരാറില്‍ ഒപ്പിടാന്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലില്‍ ബ്രിട്ടാസിനെ ന്യായീകരിച്ചും യുഡിഎഫ് എംപിമാരുടെ പ്രവര്‍ത്തനം വിമര്‍ശിച്ചും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെസി വേണുഗോപാല്‍.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എംപിമാര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.
കേരളത്തിന്റെ വികസന ജനകീയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പിന്നാക്കം നിന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കട്ടിയാല്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാണ്. മുഖ്യമന്ത്രിയെ പോലൊരാള്‍ ഇത്തരം നുണ പറയരുത്.
കച്ചവടത്തിന് വേണ്ടിയുള്ള ഡീലിന്റെ ഇടനിലക്കാരാകാന്‍ യുഡിഎഫ് എംപിമാരെ കിട്ടില്ല. എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി നല്‍കിയ നോട്ടുകള്‍ക്ക് അനുസരിച്ചാണ് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ളതെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോണ്‍ബ്രിട്ടാസ് മധ്യസ്ഥത വഹിച്ചതെന്ന് ഇപ്പോള്‍ സിപി ഐയ്ക്ക് മനസിലായിക്കാണും. ഇതുപോലെ പല കാര്യങ്ങളിലും ഇത്തരം ഇടനില പ്രവര്‍ത്തനം സിപിഎം നടത്തുന്നുണ്ട്.
പിഎം ശ്രീ, ലേബര്‍കോഡ്, ദേശീയപാതിലെ അഴിമതി തുടങ്ങി വിവിധ പദ്ധതികളില്‍ ഇതേ അന്തര്‍ധാര വ്യക്തമാണെന്നും പറഞ്ഞ കെസി വേണുഗോപാല്‍ ശൂന്യവേളയിലും ചോദ്യോത്തര വേളയിലും സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി ഉന്നയിച്ച കാര്യങ്ങളെ കുറിച്ചുള്ള സംക്ഷിപ്ത രൂപം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ഇഡി അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണം, പ്രതികളെ വെള്ളപൂശാനുള്ളതാകരുത്
കോടതി നിരീക്ഷണത്തിലുള്ള ഇഡി അന്വേഷണം നടത്തുന്നതില്‍ കുഴപ്പമില്ല. പക്ഷെ, സ്വര്‍ണ്ണക്കടത്ത് പ്രതികളെ വെള്ളപൂശാനുള്ളതായി ഇഡി അന്വേഷണം മാറരുത്.
ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബി ഐ അന്വേഷണമാണ് തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്നത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്.
മാക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ് സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായത്. അവര്‍ക്കെതിരെ സിപിഎം നടപടി സ്വീകരിച്ചില്ല. അത് കോടതിയുടെ പരിധിയിലുള്ള വിഷയമല്ലല്ലോ ? സ്വര്‍ണ്ണക്കൊള്ളയിലെ പ്രതികളായ സഖാക്കളെ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്.
ജയില്‍ പോകുന്നത് വലിയ കുഴപ്പമില്ലെന്നാണ് സ്വര്‍ണ്ണക്കൊള്ള കേസില്‍ അകത്തായ സിപിഎം നേതാക്കളെ ന്യായീകരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി നിരത്തിയ വാദം. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിലല്ല അവരെ അറസ്റ്റ് ചെയ്ത് ജയിലടച്ചതെന്ന് സിപിഎം മറക്കരുത്.
ഇതുവരെ അന്വേഷണ പരിധിയിലെത്താവരിലേക്ക് അന്വേഷണം എത്തണം.ഈ വിഷയത്തില്‍ കോടതി നിരീക്ഷണം ഗൗരവമുള്ളതാണ്. ഇനിയും പിടിക്കപെടാന്‍ കൂടുതല്‍ പ്രമുഖരുണ്ട്. ഇപ്പോള്‍ അറസ്റ്റിലായവരുടെ മൊഴികളിലതുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിലെ വലിയ പ്രതികളാരെന്ന് കേരളീയ സമൂഹത്തിന് അറിയണം.
ഹൈക്കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടക്കുന്നത് കൊണ്ടുമാത്രമാണ് ഇത്രയെങ്കിലും പുറത്തുവന്നത്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതിനുള്ള അന്വേഷണമാണ് എസ് ഐ ടി നടത്തേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
സിപിഎമ്മിന് ചിന്തിക്കാന്‍ പോലും കഴിയാത്ത നടപടിയാണ് കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലെടുത്തതെന്ന് പറഞ്ഞ വേണുഗോപാല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയെന്നത് എക്‌സ്ട്രീം നടപടിയാണെന്നും ചോദ്യത്തിന് മറുപടിയായി വേണുഗോപാല് കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോ വിമാനയാത്ര പ്രതിസന്ധി പരിഹരിക്കാന്‍ വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്നത് സര്‍ക്കാര്‍ അന്വേഷിക്കണം. ഈ വിഷയത്തില്‍ ഇന്‍ഡിഗോ നിലപാട് വ്യക്തമാക്കണമെന്നും കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
കായംകുളത്ത് ലഹരിക്കടിമയായ മകന്‍ അച്ഛനേയും അമ്മയേയും വെട്ടിയ സംഭവം അതിദാരുണമാണ്. മയക്കുമരുന്ന് ലോബിക്ക് സൈ്വര്യ വിഹാരം നടത്താന്‍ അവസരം നല്‍കിയതിന്റെ ഫലമാണിത്. സര്‍ക്കാര്‍ എന്തുകൊണ്ട് ശക്തമായ നടപടി എടുക്കുന്നില്ല. ലഹരിമാഫിയെ പിടിച്ചുകെട്ടാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാട്ടണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us