രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു: കെസി വേണുഗോപാൽ

മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ അധികാരശക്തികൾക്ക് കുടപിടിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

New Update
kc venugoppal-3

തിരുവനന്തപുരം: രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത് ഭയത്തിന്റെ അന്തരീക്ഷമാണെന്നും ഭരണഘടനാ മൂല്യങ്ങളെ മറികടന്ന്‌ രാജ്യത്ത് ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്നുവെന്നും  കെസി വേണുഗോപാൽ എംപി. 

Advertisment

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'കെഎൽഐബിഎഫ് ഡയലോഗ്' സെഷനിൽ 'രാഷ്ട്രീയം, സംസ്കാരം, ഫാസിസം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാമുമായി നടത്തിയ ചർച്ചയിൽ വർത്തമാനകാല ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വേണുഗോപാൽ സംസാരിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രം പുതിയ തലമുറ പഠിക്കണമെന്ന താല്പര്യം അധികാരകേന്ദ്രങ്ങൾക്ക് ഇല്ല എന്ന്  കെ. സി. വേണുഗോപാൽ പറഞ്ഞു. 

ചരിത്രത്തെ വളച്ചൊടിക്കുകയും രാഷ്ട്രനായകന്മാരെ തമസ്കരിക്കുകയും ചെയ്യുന്നത് ഒരു കൃത്യമായ ഡിസൈനിന്റെ ഭാഗമാണെന്ന് വേണുഗോപാൽ പറഞ്ഞു.

യഥാർത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും വിലക്കയറ്റവും ചർച്ചയാകാതിരിക്കാൻ മതത്തെയും വിദ്വേഷത്തെയും രാജ്യത്ത് ആയുധമാക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.  

മാധ്യമസ്വാതന്ത്ര്യം രാജ്യത്ത് ഏറ്റവും താഴ്ന്ന നിലയിലാണ്. കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുള്ള മുഖ്യധാരാ മാധ്യമങ്ങൾ അധികാരശക്തികൾക്ക് കുടപിടിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.

kc venugopal mp interview-2

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് സങ്കല്പം തന്നെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിമർശിക്കുന്നവരെ ശിക്ഷിക്കുന്ന രീതി  ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം മതപരമായി വിഭജനം നടത്തി നേട്ടം കൊയ്യാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ  ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പോരാട്ടം  തുടരുമെന്നും ജനാധിപത്യത്തിന്റെ അന്തിമ വിജയത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും കെസി വേണുഗോപാൽ കൂട്ടുചേർത്തു.

Advertisment