/sathyam/media/media_files/2025/06/22/images432-kc-venugopal-2025-06-22-00-14-43.jpg)
തൃശൂര്‍: പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്ന നേതാക്കള്‍ക്ക് താക്കീതുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടി ഫോറത്തില്‍ പറയേണ്ട വിമര്‍ശനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നവരെ കോണ്‍ഗ്രസിന് വേണ്ടെന്നാണ് കെ. സിയുടെ വിമര്‍ശനം.
ശശി തരൂരിന്റെ പാര്‍ട്ടി വിരുദ്ധ നിലപാടുകളും, തിരുവനന്തപുരം ഡിസിസി മുന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവിയുടെ ഫോണ്‍ സംഭാഷണവും കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ കൂടിയാണ് കെ സി വേണുഗോപാല്‍ പേരെടുത്ത് പറയാതെ മുന്നറിയിപ്പ് നല്‍കുന്നത്. തൃശൂരില്‍ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ യോഗവും ഐഡി കാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എതിരാളികള്‍ക്ക് അവസരം നല്‍കുന്ന പ്രവര്‍ത്തി ആര് ചെയ്താലും നടപടിയുണ്ടാകും. പാര്‍ട്ടി അണികളല്ല നേതാക്കളാണ് പ്രശ്‌നം. വിമര്‍ശനം പാര്‍ട്ടി ഫോറത്തില്‍ മാത്രം മതി. മാധ്യമങ്ങളുടെ മുമ്പില്‍ വേണ്ട. പുനസംഘടനയുടെ ഏക മാനദണ്ഡം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരാണോ എന്നത് മാത്രമായിരിക്കും.
പാര്‍ട്ടിയിലെ വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നവരെ കുറിച്ച് എഐസിസിയോട് പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ആര് എന്ത് ചെയ്താലും 2026ല്‍ കേരളം യുഡിഎഫ് ഭരിക്കുമെന്നും കെ സി വേണുഗോപാല്‍ അവകാശപ്പെട്ടു. തൃശൂര്‍ യുഡിഎഫിന്റേതാണെന്ന ബോധ്യം ആദ്യം ഉണ്ടാവണം. തൃശൂരില്‍ യുഡിഎഫ് പ്രഭാവം വീണ്ടെടുക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പാര്‍ട്ടി ഫോറത്തില്‍ ആരെയും വിമര്‍ശിക്കാം. ആ ഫോറം ഉണ്ടാക്കേണ്ടത് ഡിസിസി പ്രസിഡന്റുമാരാണ്. അത്തരം വിമര്‍ശനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കലക്കിയാല്‍ ആത്തരക്കാരെ കോണ്‍ഗ്രസിന് വേണ്ട.
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഇത് ഡു ഓര്‍ ഡൈ പോരാട്ടമാണ്. ഈ പോരാട്ടത്തിനുള്ളില്‍ ചോര്‍ച്ച പറ്റില്ലെന്നും കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.