ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത നീക്കം. 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ കെ.സി വേണുഗോപാൽ എം.പി.  സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസിനെ തകർക്കാൻ കഴിയില്ല. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തിൽ കേരള ജനത സ്നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യുമെന്നും കെ.സി.

ഒരു ജനതയെ ഒന്നാകെ അപഹസിക്കുന്ന വ്യാജ സൃഷ്ടികളെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്

New Update
kc venugopal mp alappuzha

ന്യൂഡൽഹി: കേരളത്തെ അപമാനിക്കാനും വർഗീയമായി ചേരിതിരിക്കാനും ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗവുമായി സംഘപരിവാർ അജണ്ട വീണ്ടും തലപൊക്കുകയാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. 

Advertisment

യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത നുണക്കഥകൾ ആവിഷ്കരിച്ച്, സൗഹാർദ്ദത്തിന്റെ ഈ നാടിനെപ്പറ്റി ലോകമെമ്പാടും തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത നീക്കമാണിത്. 

kc venugopal mp press meet-3

പുറത്തുവന്ന ട്രെയിലറിലെ രംഗങ്ങൾ കാണുമ്പോൾ ഇത് നാം ജീവിക്കുന്ന കേരളമാണോ അതോ അണിയറപ്രവർത്തകർ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സൃഷ്ടിച്ചെടുത്ത ഏതെങ്കിലും സമാന്തര ലോകമാണോ എന്ന് സാമാന്യബോധമുള്ളവർക്ക് സംശയം തോന്നിപ്പോകും.

ആദ്യഭാഗത്തിൽ 32,000 സ്ത്രീകളുടെ ലവ് ജിഹാദ് കണക്ക് പറഞ്ഞ് നുണപ്രചാരണം നടത്തിയവർ, ഇത്തവണ ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതുപോലുള്ള അടിസ്ഥാനരഹിതമായ രംഗങ്ങൾ ഉൾപ്പെടുത്തി മതവികാരം വ്രണപ്പെടുത്താനും സമൂഹത്തിൽ വെറുപ്പ് വിതയ്ക്കാനുമാണ് ശ്രമിക്കുന്നത്.

the kerala story 2

ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ പേരിൽ മനുഷ്യരെ വേർതിരിച്ചു കാണാത്ത, മതേതരത്വത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഇത്തരം അസംബന്ധങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്ന മലയാളികളുടെ പ്രതികരണം, ഈ വിഷലിപ്ത പ്രചാരണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണ്.

നുണകൾ മാത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ ഭാഗത്തിന് ദേശീയ അവാർഡ് ഉൾപ്പെടെ നൽകി ആദരിച്ച ബി.ജെ.പി ഭരണകൂടമാണ് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നത്. 

ഒരു ജനതയെ ഒന്നാകെ അപഹസിക്കുന്ന വ്യാജ സൃഷ്ടികളെ ഔദ്യോഗികമായി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. 

bjp flag

സംഘപരിവാർ സ്പോൺസർ ചെയ്യുന്ന ഇത്തരം നുണക്കഥകൾ കൊണ്ട് കേരളത്തിന്റെ മതേതര മനസ്സിനെ തകർക്കാൻ കഴിയില്ല. നിങ്ങളുടെ വെറുപ്പിന്റെ കമ്പോളത്തിൽ കേരള ജനത സ്നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യുമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

Advertisment