Advertisment

'പ്രിയപ്പെട്ട കേസീ... ടെയ്ക്ക് ഇറ്റ് ഈസീ.....' ! കെ.സി ആവശ്യപ്പെട്ടു, ശരത്ചന്ദ്രവര്‍മ്മ എഴുതി; വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ തൂലികയില്‍ കെ.സി. വേണുഗോപാലിനുള്ള പ്രചാരണ ഗാനം 'റെഡി'; ഗാനം ഉടന്‍ പുറത്തിറങ്ങുമെന്ന് കവി

വൈകാതെ ഗാനം പുറത്തിറക്കുമെന്ന് ശരത്ചന്ദ്രവര്‍മ്മ അറിയിച്ചു. വയലാറിന്റെ കുടുംബവുമായി വര്‍ഷങ്ങളായിട്ടുള്ള സൗഹൃദവും സ്‌നേഹവും തനിയ്ക്കുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

New Update
kc venugopal vayalar Sarath Chandra Varma

വയലാര്‍ രാമവര്‍മ്മയുടെ വീടായ രാഘവപ്പറമ്പില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാല്‍ അദ്ദേഹത്തിന്റെ മകനും ഗാനരചയീതാവുമായ ശരത് ചന്ദ്രവര്‍മ്മയുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

ആലപ്പുഴ: 'പ്രിയപ്പെട്ട കേസീ... ടെയ്ക്ക് ഇറ്റ് ഈസീ.....' ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിനോട് ടെയ്ക്ക് ഇറ്റ് ഈസീ പറയുന്നത് മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയീതാവുമായ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ. മലയാളത്തിന്റെ പ്രിയപ്പെട്ട വയലാര്‍ രാമവര്‍മ്മയുടെ മകന്‍. കെസിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ശരത്ചന്ദ്രവര്‍മ്മ 'ടെയ്ക്ക് ഇറ്റ് ഈസി' എന്ന് തുടങ്ങുന്ന ഗാനം എഴുതിയത്.

മലയാളികള്‍ നെഞ്ചേറ്റിയ ധാരാളം ഗാനങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച ശരത് ചന്ദ്രവര്‍മ്മയോട് കെസി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് പ്രചാരണഗാനം അദ്ദേഹം തയ്യാറാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയലാറിന്റെ വീടായ രാഘവപ്പറമ്പില്‍ എത്തിയപ്പോഴാണ് പാട്ട് എഴുതി പൂര്‍ത്തിയാക്കിയ കാര്യം ശരത് കെസിയോട് പറയുന്നത്. വൈകാതെ ഗാനം പുറത്തിറക്കുമെന്ന് ശരത്ചന്ദ്രവര്‍മ്മ അറിയിച്ചു. വയലാറിന്റെ കുടുംബവുമായി വര്‍ഷങ്ങളായിട്ടുള്ള സൗഹൃദവും സ്‌നേഹവും തനിയ്ക്കുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

പ്രണയം പോലെ മനസ്സില്‍ സ്വകാര്യമായി സൂക്ഷിക്കേണ്ട ഒന്നാണ് വോട്ടെന്നും അവസരം വരുമ്പോള്‍ അത് താനേ പുറത്ത് വരുമെന്നും ഒരു മന്ദസ്മിതത്തോടെ കെസിയുടെ വോട്ട് അഭ്യര്‍ത്ഥനയ്ക്ക് വയലാര്‍ മറുപടിയും നല്‍കി. ശരത്ചന്ദ്രവര്‍മ്മയുടെ ഭാര്യ ശ്രീലതയും വീട്ടിലുണ്ടായിരുന്നു. പഴയകാല കഥകളും വിശേഷങ്ങളും പങ്കുവെച്ചതിനു ശേഷമാണ് കെ.സി മടങ്ങിയത്. രാജീവ് ആലുങ്കല്‍ രചനയും സംഗീതവും നിര്‍വ്വഹിച്ച നാല് ഗാനങ്ങള്‍ നേരത്തെ കെ.സിയുടെ പ്രചാരണഗാനമായി പുറത്തിറക്കിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി ആയിരുന്നു പാട്ടുകള്‍ പുറത്തിറക്കിയത്. 

Advertisment