ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമർശം കേന്ദ്രസർക്കാരിനെ സുഖിപ്പിക്കാനാണെന്നും അതിന് ദൂരവ്യാപക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം ചിന്തിക്കുന്നുപോലുമില്ലെന്നും കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ.
കരിപ്പുർ കേന്ദ്രമാക്കി സ്വർണക്കടത്ത് നടക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി അത് തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ആരെയൊക്കെയോ രക്ഷിക്കാനുള്ള തത്രപ്പാടിനിടെയാണ് ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
“കേന്ദ്രത്തെ സുഖിപ്പിക്കാനുള്ള പരാമർശം മാത്രമാണ് മുഖ്യമന്ത്രിയുടേത്. അഞ്ച് വർഷമായി കരിപ്പുർ കേന്ദ്രമാക്കി സ്വർണക്കടത്ത് നടക്കുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഇത് തടയാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം പറയണം.
ഇന്‍റലിജൻസും സ്പെഷൽ ബ്രാഞ്ചും ഉൾപ്പെടെ പൊലീസിന്‍റെ എല്ലാ സംവിധാനവുമുണ്ട്. എന്നിട്ടും ഒന്നും ചെയ്തില്ല. എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമുണ്ട്. ജനങ്ങളെ വിഡ്ഡിയാക്കാനും കേന്ദ്രത്തിലെ ആളുകളെ സുഖിപ്പിക്കാനും വേണ്ടിയുള്ള ശ്രമമാണിത്. പ്രധാനമന്ത്രിയെ ഏറ്റവുമൊടുവിൽ കണ്ട ശേഷം മുഖ്യമന്ത്രി ഏറെ മാറിയിരിക്കുന്നു" - കെ.സി. വേണുഗോപാൽ പറഞ്ഞു.