കന്യാസ്ത്രീകളുടെ സാമൂഹിക സുരക്ഷാ പെൻഷൻ: സർക്കാർ നിലപാട് സ്വാഗതാർഹമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. പ്രഖ്യാപനത്തിൽ ഒതുങ്ങാതെ പ്രായോഗിക നടപടികൾ ഉടൻ നടപ്പാക്കണമെന്നും ആവശ്യം

New Update
KCBC Jagratha Commission

കൊച്ചി: വിവിധ മതങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കു സാമൂഹിക സുരക്ഷാ ആനുകൂല്യം ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷൻ.

Advertisment

50 വയസിനു മേലുള്ള അവിവാഹിതരായ സ്ത്രീകൾക്കു നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്കു പെൻഷനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ച സാഹചര്യത്തിൽ തുടർനടപടി വേഗത്തിലാക്കണമെന്ന് കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. 

കുറിപ്പ് ഇങ്ങനെ:

50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കു നൽകുന്ന പെൻഷന്‍റെ മാനദണ്ഡങ്ങളായി, GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു:

1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം.
2. ⁠അപേക്ഷക അവിവാഹിത ആയിരിക്കണം.
3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽനിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്.
4. അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her).
5. No person shall be eligible if he/she resorts to habitual begging.
6. കെയറിംഗ് സ്ഥാപനങ്ങളിൽ (poor homes) വസിക്കുന്നവർക്ക് ഈ പെൻഷന് അർഹതയില്ല.
7. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
8. അപേക്ഷക വസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ മതങ്ങളിലെ സന്യസ്തരായ സ്ത്രീകളെയും ഉപവിശാലകളിൽ കഴിയുന്ന വിവിധ മതങ്ങളിൽപ്പെടുന്ന സ്ത്രീകളെയും മറ്റും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല. 

സന്യസ്ത ജീവിതം ഒരു സമൂഹ ജീവിതമാകയാൽ പരിചരണത്തിന് ആരെങ്കിലും ഉണ്ടാകും, സന്യാസ ഭവനങ്ങൾ ഉപവി സ്ഥാപനങ്ങൾ ആണ്, സാധാരണയായി സന്യാസ സമൂഹത്തിലെ ആരെങ്കിലുമൊക്കെ ഗവൺമെന്‍റ് ശമ്പളം കൈപ്പറ്റുന്നവരാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കീമിൽനിന്നു സന്യസ്തരെ ഇതുവരെ ഒഴിവാക്കിയിരുന്നത്.

മാത്രവുമല്ല, 2021 ജൂലൈ 28 നും 2023 ഫെബ്രുവരി 27 നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് (5171/2021/Fin; G0. No. 30/2023/Fin) മിഷണറികൾ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ,

കോൺവെന്‍റുകളിലെ കന്യാസ്തികൾ, മഠങ്ങളിലെ / മത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലായെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും നീഷ്കർഷിച്ചിരുന്നു.

അന്യായമായ മുൻ ഉത്തരവുകൾ റദ്ദാക്കാനും ന്യായമായ അവകാശങ്ങൾ അർഹർക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതു സ്വാഗതാർഹമാണ്. കേവലമൊരു പ്രഖ്യാപനം എന്നതിലുപരി, തടസങ്ങൾ നീക്കുന്ന പ്രായോഗിക നടപടികൾ സർക്കാർ വരുംദിവസങ്ങളിൽ പ്രാബല്യത്തിൽ വരുത്തണം.

സമർപ്പിത ജീവിതം നയിക്കുന്നു എന്ന കാരണത്താൽ പൗരന്മാർക്ക് അർഹമായ പല ആനുകൂല്യങ്ങളും സന്യസ്തർക്കു നിഷേധിക്കപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പോലും ഈ അടുത്ത കാലത്താണ് ലഭ്യമായി തുടങ്ങിയത്. മതം, ജീവിതാന്തസ് തുടങ്ങിയവ പരിഗണിക്കാതെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അർഹതയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നത് സർക്കാർ ഉറപ്പാക്കേണ്ട ഒരു നയമാണ്. അത്തരം ഒരാവശ്യം നിരന്തരമായി സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളതുമാണ്.

സ്ഥിരവരുമാനം ഇല്ലാത്ത, സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാത്ത അവിവാഹിതരായ ഏതൊരു സ്ത്രീക്കും അർഹതയുള്ള ഒരു പദ്ധതിയാണിത്.

അതിൽ അനർഹമായി കന്യാസ്ത്രീകളെയും ഉൾപ്പെടുത്തി എന്ന തരത്തിലുള്ള വ്യാപക പ്രചാരണം ചില തലങ്ങളിൽ നടന്നുവരുന്നതു ഗൂഢലക്ഷ്യങ്ങളോടുള്ളതാണ് എന്ന് ഇതോടൊപ്പം സംശയിക്കേണ്ടിയിരിക്കുന്നു.

എല്ലാ മതങ്ങളിലുമുള്ള അർഹരായ സന്യസ്തർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരണം നടത്തപ്പെടുന്ന അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതിയെ - കന്യാസ്ത്രീകൾക്ക് അനർഹമായി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു - എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും ബാലിശവും ജനാധിപത്യ ചൈതന്യത്തിന് വിരുദ്ധവുമാണ്. 

മാത്രവുമല്ല, ക്രൈസ്തവ സമർപ്പിതരുടെ സാമൂഹിക സേവനങ്ങളെ തമസ്കരിച്ച്, അവരെ കേവലം മതപ്രവർത്തകരായി മാത്രം ചിത്രീകരിക്കാനുള്ള നീക്കങ്ങളും സഭ സന്യസ്തരെ സംരക്ഷിക്കുന്നില്ല എന്നുള്ള അടിസ്ഥാനരഹിതമായ വാദങ്ങളും ഈ വിവാദങ്ങൾക്കിടയിൽ ചിലർ പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.

Advertisment