വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തും; അംഗങ്ങളുടെ സത്യപ്രതിജ്ഞ മാറ്റിവെക്കണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

New Update
kcc1

കൊച്ചി: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്‌ച രാവിലെ പത്തിന് നടത്താൻ തീരുമാനിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ആവശ്യപ്പെട്ടു.

Advertisment

ഞായറാഴ്‌ച ക്രൈസ്‌തവ വിശ്വാസികളെ സംബന്ധിച്ച് പ്രാർഥനാ ദിവസമാണ്. പള്ളി ആരാധനകളിലും കുർബാനകളിലും പങ്കെടുക്കേണ്ട വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണ് ഈ തീരുമാനം. 

ഇടവക ഭാരവാഹികളും സണ്ടേസ്‌കൂൾ അധ്യാപകരും പള്ളി ക്വയർ അംഗങ്ങളും ഉൾപ്പെടെയുള്ളവർ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സർക്കുലർ പിൻവലിച്ച് സത്യപ്രതിജ്ഞാ സമയം മാറ്റിവെക്കണമെന്ന് കെ.സി.സി പ്രസിഡന്‍റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ എന്നിവർക്ക് കെ.സി.സി കത്ത് നൽകി.

Advertisment