/sathyam/media/media_files/2025/08/15/untitledmoddkera-2025-08-15-10-08-07.jpg)
തിരുവനന്തപുരം: കേര പദ്ധതിയുടെ പണം വകമാറ്റിയതിനെ കുറിച്ചുളള വിവരം ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിലൂടെ സ്വയം കുഴിയില്‍ വീണ് മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാരും.
കാര്‍ഷികോല്‍പ്പാദന കമ്മീഷണറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ബി.അശോകിനെ കുടുക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാം വിരിച്ച വലയാണ് സര്‍ക്കാരിന് കെണിയായത്.
അശോകിനെ കുടുക്കാന്‍ പ്രഖ്യാപിച്ച അന്വേഷണം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയുളള അന്വേഷണമാണെന്ന് വന്നതോടെ സുദീര്‍ഘമായ വിശദീകരണം ഇറക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ബന്ധിതമായി. വീശദീകരണം ഇറക്കി നിലപാട് വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും അധികാരമേറ്റ കാലംമുതല്‍ തന്നെ മാധ്യമങ്ങളുമായി നല്ല ബന്ധമില്ലാത്ത സര്‍ക്കാരിന്റെ പ്രതിഛായാ നഷ്ടത്തിന് ഒരു കുറവുമില്ല.
സര്‍ക്കാര്‍ വാദങ്ങള്‍ പൊതുസമൂഹമോ ഉദ്യോഗസ്ഥ വൃന്ദമോ വിശ്വാസത്തില്‍ എടുത്തിട്ടില്ല എന്നാണ് വിവിധ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ ലക്ഷ്യം വെച്ച് കൊണ്ടുവന്ന അന്വേഷണ നീക്കം വകുപ്പുകള്‍ക്കിടയിലും അവിശ്വാസം പരത്തിയിട്ടുണ്ട്.
ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി സംബന്ധിച്ച വിവരം ചോര്‍ന്നതിനെ കുറിച്ച് ഏകപക്ഷീയമായി അന്വേഷണം പ്രഖ്യാപിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കെ.എം.എബ്രഹാമിന്റെ നീക്കം.
എന്നാല്‍ ചീഫ് സെക്രട്ടറി ഫയല്‍ കൃഷി വകുപ്പിന് അയച്ചതോടെ പദ്ധതി പാളുകയായിരുന്നു. അബ്രഹാമിന്റെ മുന്‍കൈയ്യില്‍ നടക്കുന്ന നീക്കത്തിന് പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ് കൃഷി മന്ത്രി പി.പ്രസാദ് തന്നെയാണ് അന്വേഷണ ചുമതല വകുപ്പിനകത്ത് തന്നെ നിര്‍ത്തികൊണ്ടുളള തീരുമാനം എടുത്തതെന്നാണ് ഭരണസിരകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ നിന്ന് പുറത്തു വരുന്ന വിവരം.
അന്വേഷണ നീക്കം തിരിച്ചടിച്ചതോടെ ഇപ്പോള്‍ ഫയല്‍ തിരിച്ചുവിളിക്കാനാണ് ശ്രമം. അന്വേഷണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുളള ഫയല്‍ തിരിച്ചുനല്‍കണമെന്നാണ് ചീഫ് സെക്രട്ടറി കൃഷിവകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അന്വേഷണം നടക്കട്ടെയെന്നാണ് കൃഷിവകുപ്പിന്റെ നിലപാട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കൃഷി മന്ത്രി പി.പ്രസാദ് വഴി റിപോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നാണ് ലഭ്യമാകുന്ന വിവരം.
ലോകബാങ്കില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിലേക്ക് അയച്ച ഇ-മെയില്‍ സന്ദേശം ചോര്‍ന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. ഇ-മെയില്‍ ചോര്‍ന്ന് മാധ്യമങ്ങളിലേക്ക് എത്തിയതിന്റെ ഉത്തരവാദിത്തം ബി.അശോകിന്റെ ചുമലിലേക്കിടാനാണ് ഉദ്ദേശമെന്ന് വ്യക്തമാണ്.
എന്നാല്‍ ചോര്‍ന്ന ഇ-മെയില്‍ സന്ദേശം അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കൈമാറിയ ഫയലിലുണ്ട്. കൃഷിവകുപ്പിലെ നാല് പ്രധാന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കുമായി നടക്കുന്ന ആശയവിനിമയങ്ങള്‍ കൈകാര്യം ചെയ്യാനാവൂ. ഈ നാല് ഉദ്യോഗസ്ഥരെയാണ് മെയിലുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേകം ചുമതലപ്പെടുത്തിയിരിക്കുന്നത്.
ലോകബാങ്കില്‍ നിന്നുളള മെയിലിന് നാല് ഉദ്യോഗസ്ഥരും മറുപടി അയച്ചിട്ടില്ല. ഏപ്രില്‍ 27ന് വൈകുന്നേരം 5.15ഓടെയാണ് ലോകബാങ്കില്‍ നിന്നുളള സന്ദേശം ലഭിച്ചതെന്നാണ് ഫയലില്‍ അടക്കം ചെയ്ത കോപ്പിയില്‍ നിന്ന് മനസിലാകുന്നത്. അതിനും എത്രയോ മുന്‍പ് തന്നെ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുളള വാര്‍ത്താ ചാനലുകളില്‍ വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുളള ഫയലില്‍ ആദ്യം വാര്‍ത്ത വന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ പേരില്ല. വസ്തുത ഇതായിരിക്കെ അന്വേഷണത്തിന് മുന്‍കൈയ്യെടുത്ത മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചതെന്നാണ് ചോദ്യം. ഇതിന് രണ്ട് സാധ്യതകളെ ഭരണരംഗത്ത് ഏറെക്കാലത്തെ പരിചയമുളളവര്‍ ചൂണ്ടിക്കാട്ടുന്നുളളു. ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ആരെയെങ്കിലും ഉപയോഗപ്പെടുത്തി ഇ-മെയില്‍ സന്ദേശം കൈവശപ്പെടുത്തിയതാവാം എന്നതാണ് ഒരു സാധ്യത.
സെക്രട്ടേറിയേറ്റിലെ ഓഫീസിലെ കംപ്യൂട്ടറുകളുടെ ബാക്ക് എന്‍ഡ് വഴി മെയില്‍ ചോര്‍ത്തിയെടുക്കാനുളള സാധ്യതയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ചീഫ് സെക്രട്ടറി എ. ജയതിലകിന് എതിരെ ഇപ്പോള്‍ തന്നെ ഈ ആരോപണമുണ്ട്. പട്ടികവര്‍ഗ വകുപ്പിലെ ഉന്നതി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ബാക് എന്‍ഡ് വഴി ചോര്‍ത്തിയെന്ന് ഇപ്പോള്‍ സസ്‌പെന്‍ഷനിലുളള എന്‍.പ്രശാന്ത് ഐ.എ.എസ് ആണ് ആരോപിച്ചത്.
പ്രശാന്തിനെ പോലെ തന്നെ ബി.അശോകും സര്‍ക്കാരിന് പ്രിയപ്പെട്ടവനല്ല. സര്‍ക്കാര്‍ നടപടികളിലെ പിശകുകള്‍ തുറന്നുകാട്ടുന്നതും ചോദ്യം ചെയ്യുന്നതുമാണ് മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ബി.അശോകിനോടുളള അപ്രീതിക്ക് കാരണം. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ തുടരുന്ന കെ.എം.എബ്രഹാമിന്റെ വൈരനിര്യാതന സ്വഭാവമാണ് ഇപ്പോഴത്തെ അന്വേഷണ നീക്കത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.എബ്രഹാമിന്റെ മുന്‍കൈയ്യില്‍ നടന്ന സ്ഥലം മാറ്റത്തെ നിയമയുദ്ധത്തിലൂടെ തോല്‍പ്പിച്ചതിന്റെ ചൊരുക്കും ബി.അശോകിനോട് ഉണ്ട്. ഐ.എ.എസ് അസോസിയേഷന്‍ പ്രസിഡന്റായ ബി.അശോകിനെ കൃഷിവകുപ്പിന്റെ തലപ്പത്ത് നിന്ന് മാറ്റി തദ്ദേശഭരണ കമ്മീഷനായി നിയമിക്കാനുളള നീക്കമാണ് പരാജയപ്പെട്ടത്.
അശോകിനെ സെക്രട്ടേറിയേറ്റില്‍ നിന്ന് പുറത്താക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു സ്ഥലം മാറ്റം. എന്നാല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച അശോക് സ്ഥലം മാറ്റം റദ്ദാക്കിച്ചു. ഒരു തസ്തികയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സ്ഥലം മാറ്റുകയാണെങ്കില്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സമ്മതം വാങ്ങണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ബി.അശോക് സര്‍ക്കാരിന് ട്രിബ്യൂണലില്‍ നിലംപരിശാക്കിയത്.
ഇതുവരെ രൂപീകരിച്ച് ഉത്തരവിറക്കുകയോ ഓഫീസ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുകയോ ചെയ്തിട്ടില്ലാത്ത കമ്മീഷനിലേക്കാണ് നിയമനമെന്നും അശോക് ചൂണ്ടിക്കാട്ടി.
ഇതോടെയാണ് ആദ്യം സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ നല്‍കിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ പിന്നീട് ഉത്തരവ് അസ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് ലോകബാങ്ക് അയച്ച ഇ-മെയില്‍ ചോര്‍ന്നത് അവസരമാക്കി അശോകിനെതിരെ തിരിയാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.