/sathyam/media/media_files/2024/12/09/68RePk92zmLmluUcmQ6d.jpeg)
കോട്ടയം: പതിനാറാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദ് പനഗാരിയയും സംഘവും കോട്ടയം തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. പതിനാറാം ധനകാര്യകമ്മീഷന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാന സന്ദര്‍ശനത്തിനെത്തിയതായിരുന്നു കമ്മിഷന്‍.
കമ്മീഷനംഗങ്ങളായ ഡോ. മനോജ് പാണ്ഡ, ആനി ജോര്‍ജ് മാത്യു, ഡോ. സൗമ്യകാന്തി ഘോഷ്, സെക്രട്ടറി റിഥിക് പാണ്ഡേ, ജോയിന്റ് സെക്രട്ടറി രാഹുല്‍ ജെയിന്‍, ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാര്‍ രഞ്ചന്‍, ചെയര്‍മാന്റെ പ്രൈവറ്റ് സെക്രട്ടറി കുമാര്‍ വിവേക്, ഡെപ്യൂട്ടി ഡയറക്ടര്‍ സന്ദീപ് കുമാര്‍, ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ഓംപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സേവനങ്ങള്‍ വിലയിരുത്തല്‍
രാവിലെ 10.30ന് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ കമ്മീഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നല്‍കുന്ന സേവനങ്ങളും വിലയിരുത്തി. 233 സേവനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നതായും സുലേഖ, സേവന അടക്കമുള്ള പോര്‍ട്ടലുകളിലൂടെ ഓഫീസിലെത്താതെ തന്നെ സേവനങ്ങള്‍ക്കുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കുന്നതായും വിലയിരുത്തി.
പഞ്ചായത്ത് ഭരണം സുതാര്യമാക്കാനായി പഞ്ചായത്ത് കമ്മിറ്റി മിനുട്‌സ്, ഫണ്ട് ചെലവഴിക്കല്‍ പുരോഗതി എന്നിവ ഓണ്‍ലൈനില്‍ ലഭിക്കുന്നതിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഓഫീസിലെ ഫ്രണ്ട് ഓഫീസ് സംവിധാനം, ടോക്കണ്‍ സംവിധാനം, ഹെല്‍പ് ഡെസ്‌ക് എന്നിവയുടെ പ്രവര്‍ത്തനം നോക്കിക്കണ്ടു.
തുടര്‍ന്ന് പഞ്ചായത്തിന്റെ ലബോറട്ടറി, മാലിന്യശേഖരണ യൂണിറ്റ് (എം.സി.എഫ്) എന്നിവ സന്ദര്‍ശിച്ചു.
ഹരിതകര്‍മസേനയുടെയും എം.സി.എഫിന്റെയും പ്രവര്‍ത്തനം, ഹരിതമിത്ര മൊബൈല്‍ ആപ്ലിക്കേഷന്റെ ഫലപ്രദമായ ഉപയോഗം, ഹരിത കര്‍മ സേനയ്ക്ക് വിശ്രമത്തിനടക്കം ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍, മാലിന്യശേഖരണത്തിനായുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം എന്നിവ കമ്മീഷന്‍ വിലയിരുത്തി.
കേരഗ്രാമം പദ്ധതി
തുടര്‍ന്ന് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ പാകി മുളപ്പിക്കുന്ന നഴ്‌സറി സന്ദര്‍ശിച്ചു. ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ സൗജന്യമായി നട്ടു പരിപാലിക്കുന്ന പദ്ധതിയാണ് കേരഗ്രാമം. മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ചേര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ പഞ്ചായത്തില്‍ 12000 തെങ്ങിന്‍തൈകള്‍ നട്ടുപരിപാലിച്ചിട്ടുണ്ടെന്നും തൈകള്‍ക്കായി 7000 വിത്തുതേങ്ങ പാകി ഒരുക്കിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോര്‍ സംഘത്തോട് വിവരിച്ചു.
പ്രാദേശിക സാമ്പത്തിക വികസനത്തിന് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി വിനിയോഗിക്കുകയാണെന്നും അഞ്ചു വര്‍ഷം കൊണ്ട് അന്‍പതിനായിരം തേങ്ങ അധികമായി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും പ്രാദേശിക സാമ്പത്തിക മോഡലെന്ന നിലയിലും കാര്‍ഷിക വികസനപദ്ധതിയെന്ന നിലയിലുമുള്ള കേരഗ്രാമത്തിന്റെ പ്രാധാന്യം വിവരിച്ചു.
വനിതകള്‍ക്കുള്ള വെല്‍നെസ് സെന്റര്‍
തുടര്‍ന്ന് ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നിര്‍മിച്ച വനിതകള്‍ക്കുള്ള വെല്‍നെസ് സെന്റര്‍ സംഘം സന്ദര്‍ശിച്ചു. രാവിലെയും വൈകിട്ടും അഞ്ചു മുതല്‍ എട്ടുവരെയാണ് സ്്രതീകള്‍ക്ക് സൗജന്യ വ്യായാമപരിശീലനത്തിന് ഇവിടെ സൗകര്യം ഒരുക്കിയിട്ടുള്ളത്. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന്‍ സംതൃപ്തി രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ കെ. മേനോന്‍, ജനപ്രതിധിനികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവറാവു, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറും ഐ.പി.ആര്‍.ഡി. സെക്രട്ടറിയുമായ എസ്. ഹരികിഷോര്‍, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us