Advertisment

മമ്മൂട്ടിയെ ചൊല്ലി ബി.ജെ.പിയിൽ 'രാധാകൃഷ്ണ' യുദ്ധം ! ഏറ്റുമുട്ടൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്. രാധാകൃഷ്ണനും എ.എൻ.രാധാകൃഷ്ണനും തമ്മിൽ. വെളിപ്പെടുത്തൽ വിവാദത്തിൽ മമ്മൂട്ടി മൗനം വെടിയണമെന്ന് ഡോ.കെ. എസ്. രാധാകൃഷ്ണൻ; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളും അജണ്ടയുമായി കൂട്ടികെട്ടേണ്ടതില്ലെന്ന് എ.എൻ.രാധാകൃഷ്ണൻ. ബി.ജെ.പി നേതാക്കളുടെ തമ്മിലടി തുടരുന്നതിനിടെ മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ.

New Update
mammootty look.jpg

തിരുവനന്തപുരം: ചലച്ചിത്ര നടൻ മമ്മൂട്ടിയെ ചൊല്ലി ബി.ജെ.പിയിൽ 'രാധാകൃഷ്ണ' യുദ്ധം ! മലയാള സിനിമയിൽ മതതീവ്രവാദ ശക്തികൾ പണം മുടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിൽ മമ്മൂട്ടി പ്രതികരിക്കണം എന്ന ആവശ്യത്തെചൊല്ലിയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ വൈസ് പ്രസിഡന്റുമാരായ രണ്ട് രാധാകൃഷ്ണ നാമധാരികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. പുഴു സിനിമയുടെ സംവിധായിക രത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷേർഷാദിൻെറ വെളിപ്പെടുത്തലിന് പിന്നാലെ  മമ്മൂട്ടി മൗനം വെടിയണം എന്ന് ആവശ്യം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണനാണ് ആദ്യം രംഗത്ത് വന്നത്.

Advertisment

മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളും അജണ്ടയുമായി കൂട്ടികെട്ടേണ്ടതില്ലെന്ന എതിർവാദം ഉന്നയിച്ചാണ് മറ്റൊരു വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻെറ കടന്നുവരവ്.മമ്മൂട്ടിയെ പോലൊരു മഹാനടനെ ചെളിവാരിയെറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായകനും എഴുത്തുകാരനുമാണ് മറുപടി പറയേണ്ടതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും ഡോ. കെ.എസ് രാധാകൃഷ്ണൻ ഉന്നയിച്ച ആവശ്യത്തെ പരസ്യമായി എതിർക്കുകയാണ് എ.എൻ.രാധാകൃഷ്ണൻ ചെയ്തിരിക്കുന്നത്.

ഒരു വിഷയത്തിൽ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് വ്യത്യസ്ത സ്വരം ഉയരുന്നത് പ്രവർത്തകരെയും അണികളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ആദ്യ പ്രതികരണം നടത്തി രാഷ്ട്രീയ ചർച്ചക്ക് തുടക്കമിട്ട ബി.ജെ.പി നേതാക്കൾ തമ്മിൽ തർക്കിക്കുമ്പോൾ  വെളിപ്പെടുത്തൽ വിവാദത്തിൽ മമ്മൂട്ടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചെത്തിയ കോൺഗ്രസ് നേതൃത്വം വിഷയത്തിൽ മേൽക്കൈ നേടുന്നതാണ് ഇപ്പോൾ കാണുന്ന കാഴ്ച.

പുഴു സിനിമയുടെ സംവിധായിക രത്തിനത്തിൻെറ പങ്കാളി മുഹമ്മദ് ഷെർഷാദിൻെറ വെളിപ്പെടുത്തലിൽ  സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്തും ഉൾപ്പെട്ടതോടെ ,സി.പി.എമ്മിന് അഭിപ്രായം പറയാനാകാത്ത സ്ഥിതിയാണ്.ഗോവിന്ദൻ മാസ്റ്ററുടെ മകനെ കൂടാതെ തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ, പി.കെ.ബിജു, എം.ബി.രാജേഷ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി തുടങ്ങിയവരുടെ പേരുകളും ഷേർഷാദിൻെറ വെളിപ്പെടുത്തലിൽ കടന്നുവരുന്നുണ്ട്.

ഇതൊക്കെ കൊണ്ടാണ് പാർട്ടി ചാനലിൻെറ ചെയർമാനെ പിന്തുണച്ച് രംഗത്ത് വരാൻ സി.പി.എം അമാന്തിക്കുന്നത് എന്ന് വേണം കരുതാൻ.മമ്മൂട്ടിയുമായി ബന്ധപ്പെട്ട വിവാദം സാമൂഹിക മാധ്യമങ്ങളിലും സിനിമാ രംഗത്തും  വലിയ ചർച്ചയായി കഴിഞ്ഞു.മലയാള സിനിമയ തീവ്ര ആശയങ്ങളിലേക്ക് വലിച്ച് കൊണ്ടുപോകുന്നത്, മോളിവുഡിലെ ധനശക്തിയായി മാറിയിരിക്കുന്ന മട്ടാ‍ഞ്ചേരി മാഫിയ ആണെന്ന അനുബന്ധ വിവാദവും ഇതിനൊപ്പം തിരശീല നീക്കി പുറത്തുവന്നിട്ടുണ്ട്. ചർച്ചയുടെ വികാസ പരിണാമങ്ങൾ കണ്ടിട്ട് കുറെദിവസം പോകുമെന്നാണ് തോന്നുന്നത്.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ഷെർഷാദിൻെറ പരമാർശങ്ങളാണ് പൊതുവിൽ വിവാദങ്ങളിൽ പെടാതെ സൂക്ഷിക്കുന്ന മമ്മൂട്ടിയേയും വിവാദക്കടലിലേക്ക് വലിച്ചിട്ടത്.

ഷെർഷാദിൻെറ വെളിപ്പെടുത്തലിൽ മമ്മൂട്ടി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ്.രാധാകൃഷ്ണൻ ഫേസ് കുറിപ്പുമായി കളത്തിലിറങ്ങിയതോടെ സംഭവം രാഷ്ട്രീയ തലത്തിലേക്കുമെത്തി. കുടുംബ തകർച്ച ഉന്നയിച്ച് ഷേർഷാദ് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തിപരമായ കാര്യങ്ങളായത് കൊണ്ട് മമ്മൂട്ടിക്ക് പ്രതികരിക്കാതിരിക്കാമെങ്കിലും പുഴു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന മതതീവ്രവാദ ആരോപണത്തെപ്പറ്റി മമ്മൂട്ടി മൗനം വെടിയണം എന്നായിരുന്നു ഡോ.രാധാകൃഷ്ണൻെറ ആവശ്യം.സാമൂഹിക മാധ്യമങ്ങളിലൂടെ കത്തിക്കയറിയ വിവാദത്തിന് പിന്നാലെയാണ് മമ്മൂട്ടി മറുപടി പറയേണ്ടെന്ന നിലപാടുമായി ബി.ജെ.പി നേതാവായ എ.എൻ.രാധാകൃഷ്ണൻ രംഗപ്രവേശം ചെയ്തത്.

മമ്മൂട്ടിയ്ക്കെതിരായ വെളിപ്പെടുത്തലിൽ രാഷ്ട്രീയ വിവാദമായി പരിണമിച്ചതോടെ കോൺഗ്രസാണ് ഏറ്റവും ശക്തമായി രംഗത്തുളളത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് കോൺഗ്രസിൽ നിന്ന് മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം കടന്നുവന്നത്.

അരനൂറ്റാണ്ട് കാലത്തെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനീയനാണ് മമ്മൂട്ടി.മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള  ആ വ്യക്തിത്വത്തെ  ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാർശക്തികൾ  എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ.സി.വേണുഗോപാലിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും വിഷയത്തിൽ പ്രതികരണവുമായെത്തി.എന്നാൽ മമ്മൂട്ടിയോടൊപ്പം ഷാഫി പറമ്പിലിനെ കൂടി ബന്ധിപ്പിച്ച് കൊണ്ട് രാഷ്ട്രീയ കൗശലം നിറഞ്ഞ പ്രതികരണമാണ് സുധാകരൻ നടത്തിയത്.ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ.പി സി സി പ്രസിഡന്റ് കെ. സുധാകരൻ.

വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം  നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.സിപിഎം മുസ്ലിം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment