/sathyam/media/media_files/TkWf9DIpddOcz0XVN3ig.jpg)
തിരുവനന്തപുരം: നടപ്പാക്കി ഒരു വർഷം കൊണ്ടുതന്നെ കർണാടകത്തിൽ വേണ്ടെന്നുവച്ച നാലുവർഷ ബിരുദ കോഴ്സ് ഇക്കൊല്ലം മുതൽ കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും നടപ്പാക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണിത്. വിദ്യാർത്ഥികൾക്ക് കോഴ്സിലെ പാഠ്യ വിഷയങ്ങൾ തിരഞ്ഞെടുക്കാനടക്കം വിപുലമായ സൗകര്യങ്ങൾ ഇതിലുണ്ട്. നാലു വർഷ കോഴ്സാണെങ്കിലും മൂന്നാം വർഷം ഡിഗ്രിയും നേടി പഠനം നിർത്താനാവും. പഠനവിഷയങ്ങളിൽ പ്രയാസമുള്ളവ ഒഴിവാക്കി മറ്റേതെങ്കിലും പഠിക്കാം. ലോകത്തെവിടെ നിന്നും ഓൺലൈൻ കോഴ്സുകൾ പാസായി അതിന്റെ ക്രെഡിറ്റ് ഡിഗ്രി പഠനത്തിനൊപ്പം ചേർക്കാനും സൗകര്യമുണ്ട്. ഈ പരിഷ്കാരങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ ഏത് രീതിയിൽ ബാധിക്കുമെന്നറിയാൻ ഏതാനും വർഷം കാത്തിരിക്കേണ്ടി വരും.
കുട്ടികൾക്ക് അവരുടെ താൽപര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം എന്നിവക്കിണങ്ങിയ ഉപരിപഠന മേഖല തിരഞ്ഞെടുക്കുകയെന്നത് ഏറ്റവും പ്രധാനമായ തീരുമാനമാണെന്ന് സർക്കാർ വിലയിരുത്തുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരവും ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ പോകുന്നതുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഈ അക്കാദമിക വർഷംമുതൽ.
നിലവിലെ മൂന്നുവർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുക എന്നതല്ല നാലുവർഷ ബിരുദം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കാലത്തിനാവശ്യമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് വികസിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് പുതിയ സംവിധാനത്തിലെ ഊന്നൽ. പുതിയ കാലത്തെ അക്കാഡമിക് - കരിയർ താല്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സംവിധാനം. ഉദാഹരണത്തിന്, നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതാവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും.
അവരവരുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്പന ചെയ്യാൻ കലാലയങ്ങളിൽ അക്കാഡമിക് കൗൺസിലർമാർ പുതിയ സംവിധാനത്തിന്റെ ഭാഗമായുണ്ടാവും. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കും. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). പഠനത്തിനിടക്ക് തന്നെ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും.
വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നതിലെ സ്വാതന്ത്ര്യത്തോടൊപ്പം പുതിയ സംവിധാനം മറ്റൊരു പ്രധാന ആകർഷണവും ഒരുക്കുന്നുണ്ട്. റെഗുലർ കോളേജ് പഠനത്തോടൊപ്പം ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയിപ്പോലും കോഴ്സുകളെടുക്കാനും, അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും.
ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് വിദ്യാർത്ഥികൾ ആർജിച്ച ക്രെഡിറ്റും അവരുടെ പഠന പ്രോഗ്രാമിന്റെ ഭാഗമായി മാറ്റാൻ സംവിധാനം ഉണ്ടാകും. നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കോഴ്സിന്റെ ഭാഗമാക്കുന്നതോടൊപ്പം, അതിനായി സ്വീകരിക്കുന്ന ഇന്റേൺഷിപ്പ് അടക്കം ബിരുദം/ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാം. നിലവിലെ അദ്ധ്യാപന, പഠന രീതികളിൽ നിന്നും സമൂലമായ മാറ്റവുമുണ്ടാവും.
ഓരോ വിഷയവും സവിശേഷമായി പരിഗണിച്ച്, അതിനാവശ്യമായ പഠനരീതികൾ കോഴ്‌സുകളിൽ അവലംബിക്കാൻ സ്വാതന്ത്ര്യം ഒരുക്കുകയാണ്. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും. അതായത് ഒരു സർവ്വകലാശാലയിലെ കോളേജിൽ നടത്തപ്പെടുന്ന പോലെ ആവണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളേജിൽ പഠിപ്പിക്കുക. പഠനം ക്ലാസ്സ്‌മുറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല. വിദ്യാർത്ഥി നേടിയെടുക്കേണ്ട ജ്ഞാനവും അതോടൊപ്പം നൈപുണ്യവും ഉറപ്പാക്കുന്ന വിധത്തിലാണ് ഓരോ കോഴ്സും രൂപകല്പന ചെയ്യപ്പെടുക. സാമൂഹ്യശാസ്ത്ര, മാനവിക, ഭാഷ വിഷയങ്ങളിലും ആവശ്യമെങ്കിൽ ഇതിനുവേണ്ടി പ്രാക്ടിക്കൽ ഉൾപ്പെടുത്തും.
പരീക്ഷ - മൂല്യനിർണയ രീതികളിലും സമൂലമായ മാറ്റം വരും. പരീക്ഷാദൈർഘ്യം കുറക്കുന്നതോടൊപ്പം, ഓരോ വിഷയത്തിന്റെയും സ്വഭാവമനുസരിച്ചു അതിലൂടെ വിദ്യാർത്ഥി കോഴ്‌സിലൂടെ ആർജ്ജിച്ച ജ്ഞാനവും നൈപുണിയും പരിശോധിക്കുന്ന തരത്തിലാണ് ഇനി പരീക്ഷ. കേവലം എഴുത്തു പരീക്ഷയാവില്ല ഇനി. വിവിധങ്ങളായ രീതികളിലൂടെ വിദ്യാർത്ഥികളുടെ കഴിവിനെ പരിശോധിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാരീതികൾ ഉണ്ടാകും. ഇതിനെല്ലാമാവശ്യമായ രീതിയിൽ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കും.
എല്ലാ കോഴ്‌സുകളുടെയും ഇരുപതു ശതമാനം സിലബസ് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ തയ്യാറാക്കും. ഇത് പിന്നീട് ഘട്ടംഘട്ടമായി ഉയർത്തും. ഇതിലൂടെ കോഴ്സുകൾക്ക് ആവശ്യമെങ്കിൽ എല്ലാ വർഷവും സ്വയം നവീകരിക്കാനും പുതിയ ഉള്ളടക്കങ്ങൾ സിലബസിൽ ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ, ഓരോ ക്യാമ്പസിന്റെയും പ്രത്യേകത അനുസരിച്ചു ആവശ്യമായ ഉള്ളടക്കം ചേർക്കാം.
സഹായത്തിനായി സർവ്വകലാശാലാ തലത്തിലും കോളേജ് തലങ്ങളിലും ഹെൽപ്പ് ഡെസ്കുകൾ പുതിയ സംവിധാനത്തിന്റെ ഭാഗമായൊരുക്കും. പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. പരീക്ഷകൾ, ഫലങ്ങൾ, മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ വേഗത്തിൽ ലഭിക്കും. നൈപുണ്യക്കുറവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യ വികസനത്തിനായി ഒരു കേന്ദ്രം യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സ്ഥാപിക്കും.
പ്രൊഫഷണൽ നൈപുണ്യ പരിശീലന ഏജൻസികളുമായി സഹകരിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും കരിയർ പ്ലാനിംഗും നടത്തും. നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ മൈനർ കോഴ്‌സുകൾക്ക് പകരമായി ഈ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകളിലൂടെ നേടിയ ക്രെഡിറ്റുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. ജൂലൈ ഒന്നിനാണ് ഈ വർഷം നാലുവർഷബിരുദ പ്രോഗ്രാം തുടങ്ങുക. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കും.