കളക്ടറുടെ കുഴിനഖം ചികിത്സയിൽ ആന്റി ക്ലൈമാക്സ്. സിവിൽ സർവീസുകാർക്ക് ചികിത്സയ്ക്ക്  മെഡിക്കൽ ഓഫീസർമാരെ വസതിയിലേക്ക് വിളിച്ചുവരുത്താം. ഇത് പാർലമെന്റ് പാസാക്കിയ നിയമത്തിലെ അധികാരം. കളക്ടർക്ക് മാത്രമല്ല, കുടുംബാംഗങ്ങൾക്കും വീട്ടിലെത്തി ചികിത്സ നൽകണം. കളക്ടറുടെ രോഗവിവരം പുറത്തുവിട്ടത് മെഡിക്കൽ എത്തിക്സിന് എതിര്. ഡോക്ടർമാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഐ.എ.എസുകാർ

New Update
collector.1.2706535.jpg

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് കുഴിനഖം പരിശോധിപ്പിച്ച സംഭവം ആന്റി കൈമാക്സിൽ. തിരക്കേറിയ ഒ.പിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി കുഴിനഖം പരിശോധിപ്പിച്ച കളക്ടർ ജെറോമിക് ജോർജിനെതിരെ പരസ്യ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആണ് രംഗത്തെത്തിയത്.

Advertisment

തിരക്കേറിയ സമയത്തെ രോഗികളുടെയും ഡോക്ടർമാരുടെയും ബുദ്ധിമുട്ട് മനസിലാക്കാതെ ഇത്തരത്തിലുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം ആരോഗ്യമന്ത്രിയുടെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തി. സംഘടന പരസ്യമായി പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. എന്നാൽ പാർലമെന്റ് പാസാക്കിയ നിയമത്തിലെ അധികാരം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ചൂണ്ടക്കാട്ടി ഐ.എ.എസ് അസോസിയേഷൻ ഡോക്ടർമാർക്കെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

കള്കടറുടെ ചികിത്സ വിവാദമാക്കിയ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐ.എ.എസ് അസോസിയേഷൻ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിനോട് ആവശ്യപ്പെട്ടു.  പാർലമെന്റ് പാസാക്കിയ സിവിൽ സർവീസ് ചട്ടപ്രകാരം, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വീട്ടിലെത്തി ഡോക്ടർമാർ സേവനം നൽകണമെന്ന് വ്യവസ്ഥയുണ്ടെന്ന് ഐ.എ.എസ് അസോസിയേഷൻ വ്യക്തമാക്കി.

എന്നാൽ എപ്പോൾ പോകണമെന്ന് മെഡിക്കൽ ഓഫീസർക്ക് തീരുമാനിക്കാം. വീട്ടിൽ ചികിത്സിച്ചാലും നിയമപ്രകാരമുള്ള റീ ഇംപേഴ്സ്‌മെന്റിന് സിവിൽ സർവീസുകാർക്ക് അർഹതയുണ്ട്. കേന്ദ്ര സർവീസിലുള്ള സിവിൽ സർവീസുകാർക്കും ഇത് ലഭിക്കും. ഉദ്യോഗസ്ഥർക്ക് മാത്രമല്ല, അവരുടെ കുടുംബാംഗങ്ങൾക്കും വീട്ടിലെത്തിയുള്ള മെഡിക്കൽ സേവനം നൽകണം. സിവിൽ സർവീസ് ചട്ടത്തിലെ 3, 8 വകുപ്പുകൾ പ്രകാരമാണിത്.

കളക്ടറുടെ രോഗം പരസ്യപ്പെടുത്തിയത് മെഡിക്കൽ എത്തിക്സിന് വിരുദ്ധമാണെന്നും ഐ.എ.എസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ചീഫ്‌സെക്രട്ടറി ആരോഗ്യവകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.  എന്നാൽ ആരോഗ്യ സെക്രട്ടറി കളക്ടറുമായി സംസാരിച്ചെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും ഉറപ്പുനൽകിയതായി കെ.ജി.എം.ഒ.എ പറയുന്നു.  കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

തിരക്കേറിയ സർജറി ഒ.പിയിൽ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കെയാണ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചികിത്സിപ്പിച്ചത്. കളക്ടറുടെ വീട്ടിലെത്തിയ ഡോക്ടർക്ക് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. സംഭവത്തിൽ ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു. കളക്ടറുടെ നഖത്തിലെ പഴുപ്പ് വൃത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഡോക്ടർ തിരിച്ചെത്തിയത്- ഇതാണ് വിവാദമായത്.

സംഭവത്തെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞതിങ്ങനെ-   കളക്ടർ ജില്ലാ മെഡിക്കൽ ഓഫീസറോട് ഡോക്ടറെ അയക്കണമെന്ന്  ആവശ്യപ്പെട്ടു. എന്നാൽ ജനറൽ ആശുപത്രിയിലെ സ്ഥിതിയെ കുറിച്ച് കളക്ടറേട് വിശദീകരിച്ചെങ്കിലും ‌ഡോക്ടർ വന്നേ മതിയാകൂവെന്ന നിലപാടിലായിരുന്നു കളക്ടർ. ഇതോടെ ആശുപത്രി സൂപ്രണ്ടിനോട്  ഡി.എം.ഒ ഡ‌ോക്ടറെ അയക്കാൻ നിർദ്ദേശിച്ചു. കളക്ടറുടെ വീട്ടിലെത്തിയ ഡോക്ടർക്ക് ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. തിരക്കേറിയ ഒ.പിയിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം ചെയ്താണ് കളക്ടർ സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയത്.

കളക്ടറുടെ നടപടി കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായി. ആരോഗ്യവകുപ്പിലെ ഡോക്ടർമാരോട് മാന്യമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ.എ. ജില്ലാ ഭാരവാഹികൾ പറഞ്ഞിരുന്നു. ഇതാണ് ചട്ടവിരുദ്ധമാണെന്ന് ഐ.എ.എസുകാർ ചൂണ്ടിക്കാട്ടുന്നത്.

Advertisment