Advertisment

വിവിധ ആവശ്യങ്ങൾക്ക് സഹായിക്കാം എന്ന് പറഞ്ഞ് പണം വാങ്ങി; എറണാകുളത്ത് സാമ്പത്തിക തട്ടിപ്പ് വീരൻ പൊലീസ് പിടിയിൽ

New Update
Money-fraud.jpg

വൻ സാമ്പത്തിക തട്ടിപ്പ് വീരനെ എറണാകുളം കുറുപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ആവശ്യങ്ങളിൽ സഹായിക്കാം എന്ന് പറഞ്ഞ് വിശ്വാസവഞ്ചന നടത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേരിൽ നിന്നും കോടികൾ തട്ടിയ തട്ടിപ്പ് വീരനും ഇയാളുടെ കൂട്ടാളിയുമാണ് കുറുപ്പുംപടി പൊലീസിന്റെ പിടിയിലായത്.

Advertisment

തൃശൂർ മയലിപ്പാടൻ സ്വദേശി ജയൻ, ചാലക്കുടി സ്വദേശി ഫ്രഡ്‌ഡി എന്നിവരാണ് കുറുപ്പുംപടി പൊലീസിന്റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി ജയന്റെ ഭാര്യ ഹണിയെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. 2022 സെപ്റ്റംബർ 27 തീയതി കുറുപ്പുംപടി തുരുത്തി സ്വദേശിനി ജീവ റജിയിൽ നിന്ന് 32 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു എന്നാണ് കേസ്. എറണാകുളത്ത് ആരംഭിക്കുന്ന ഫൈനസ്റ്റ് സ്റ്റുഡിയോ എന്ന സ്ഥാപനത്തിൽ ഡയറക്റ്റ് ബോർഡ്ഷിപ്പ് & ഓണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തുരുത്തി സ്വദേശിനിയിൽ നിന്നും ഇവർ പണം തട്ടിയത്.

ഇതുകൂടാതെ ജീവാ റജിയുടെ സഹോദരൻ കോട്ടപ്പടി സ്വദേശി ജോബിയിൽ നിന്ന് ഇവർ അൻപതുലക്ഷം രൂപയും തട്ടിയെടുത്തിട്ടുണ്ട്. പ്രതികൾ വികസിപ്പിച്ചെടുത്ത ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ്‌വെയർ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാം എന്ന് പറഞ്ഞാണ് ജോബിയിൽ നിന്ന് ഇവർ പണം തട്ടിയത്.

ഇതുകൂടാതെ ഓഫീസ് മെയിന്റനൻസ് നടത്തുവാനും, ഓഫീസ് ഫർണിച്ചറുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുവാനുണ്ടെന്നും പറഞ്ഞ് പ്രതികൾ ഇവരിൽ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. ചൈനയിൽ ആയിരുന്ന ജയൻ നാട്ടിൽ എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറുപ്പുംപടി പൊലീസ് തൃശൂരിലെ വസതിയിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾ പിടിയിലായ വിവരം അറിഞ്ഞ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരാതികളുമായി കുറുപ്പുംപടി പൊലീസ് സ്റ്റേഷനിൽ എത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment