തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മിന്റെ യാത്രഅയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി അദ്ദേഹം അഴിമതിക്കാരനാണെന്ന് ആക്ഷേപിക്കുകയും അപമാനഭാരം താങ്ങാനാവാതെ എ.ഡി.എം ജീവനൊടുക്കുകയും ചെയ്തത് ഉപതിരഞ്ഞെടുപ്പുകളിൽ ഇടതിന് വൻ തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.
സർക്കാർ ജീവനക്കാരും നൂറോളം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അദ്ധ്യാപകരുമടക്കം പത്തുലക്ഷത്തോളം പേരെ എതിർപക്ഷത്താക്കുന്നതാണ് കണ്ണൂരിലെ സി.പി.എം നേതാവിന്റെ നടപടി. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിക്കുമോയെന്നാണ് പാർട്ടിയുടെ ആശങ്ക./sathyam/media/media_files/358Uqckpg5aC7fPgoIRH.jpg)
ഉപതിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും 2026 മേയിൽ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നുണ്ട്. ഇതിനിടയിൽ തിരഞ്ഞെടുപ്പ് ഗോദയിൽ വൻ തിരിച്ചടിയുണ്ടാക്കിയേക്കാവുന്നതാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി.
മുഖ്യമന്ത്രിക്കെതിരേ പി.വി.അൻവർ ഉയർത്തിയ ആരോപണങ്ങളുടെ അലയൊലി മാറുംമുൻപാണ് എ.ഡി.എമ്മിന്റെ മരണം പാർട്ടിയെ പിടിച്ചുലയ്ക്കുന്നത്. കണ്ണൂരിലെ പാർട്ടി നേതാക്കളുടെ ബിനാമിയാണ് പമ്പുടമയെന്ന് ഇപ്പോൾ ആരോപണമുയരുന്നുണ്ട്. ഭരണത്തിലെ സ്വാധീനം മുതലെടുത്ത് പാർട്ടി നേതാക്കൾ വൻ നിക്ഷേപങ്ങൾ നടത്തുന്നെന്നടക്കമുള്ള ആരോപണങ്ങൾ ഉപതിരഞ്ഞെടുപ്പുകളിൽ പ്രചാരണ ആയുധമായി മാറും.
പാർട്ടി നേതൃനിരയിലുള്ള വനിതയുടെ പരസ്യ അധിക്ഷേപത്തില്‍ മനംനൊന്ത് കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബു ജീവനൊടുക്കിയതിൽ പൊതുസമൂഹത്തിന്റെ പിന്തുണയും പാർട്ടിക്കില്ല. നവീനൊപ്പം ജോലിചെയ്തിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം നവീൻ സത്യസന്ധനാണെന്നും കൈക്കൂലിക്കാരനല്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ തുറന്നെഴുതുകയാണ്.
പത്തനംതിട്ട ജില്ലാ കളക്ടർമാരായിരുന്ന ദിവ്യ എസ് അയ്യർ, പി.ബി നൂഹ് എന്നിവർ നവീന് അനുകൂലമായി സോഷ്യൽ മീഡിയയിൽ എഴുതി. ഇതോടെ സർക്കാർ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
ദിവ്യയ്ക്കെതിരേ നടപടിയെടുക്കാതെ ഇനി മുന്നോട്ടുപോകാനാവില്ലെന്ന തിരിച്ചറിവിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കണമെന്ന് സി.പി.എം ആവശ്യപ്പെടാനിടയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ആരും പി.പി. ദിവ്യയെ പിന്‍തുണയ്ക്കാന്‍ രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമാണ്.
പി.കെ. ശ്രീമതി അടക്കം മഹിളാ അസോസിയേഷന്‍ നേതാക്കളും ദിവ്യയെ തള്ളി രംഗത്തു വന്നു. അധികാരം വ്യക്തിപരമായ പ്രശ്‌നം തീര്‍ക്കാന്‍ ഉപയോഗിച്ചു എന്നതാണ് സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എന്ന സ്ഥാനത്തുനിന്നും ദിവ്യയെ ഒഴിവാക്കിയേക്കും. പാർട്ടി സമ്മേളനം ചേരുമ്പോഴാവും ഈ ഒഴിവാക്കൽ. സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ദിവ്യയ്‌ക്കെതിരായ നിലപാട് ശക്തമായി ഉന്നയിച്ചിട്ടുണ്ട്.
നവീന്‍ ബാബുവിനെ പരസ്യമായി അവഹേളിക്കുകയും തേജോവധം നടത്തുകയും ചെയ്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആവശ്യം. ഇതു പരിഗണിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി തല നടപടിയ്ക്കും സാധ്യതയുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഉപതിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തിനിൽക്കവേ, ദിവ്യക്കെതിരെയുള്ള ആരോപണം നിസ്സാരമായി കാണാന്‍ പാര്‍ട്ടിക്കാകില്ല. ഇക്കാര്യത്തിൽ മുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടായാൽ തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിക്കും. ഈ വിഷയത്തില്‍ സി.പി.ഐയുടെ നിലപാടും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
നവീന്‍ബാബുവിന് അനുകൂലമായ നിലപാടാണ് റവന്യൂ മന്ത്രിയും സി.പി.ഐയും സ്വീകരിച്ചത്. പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരങ്ങളുടെ മുനയൊടിക്കാനും ദിവ്യക്കെതിരായ നടപടി അനിവാര്യമാണെന്ന് സി.പി.എം കരുതുന്നു.
യാത്രയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ ദിവ്യ കയറി വരും മുമ്പ് ക്യാമറാമാന്‍ എത്തിയതും ദിവ്യയുടെ ആറുമിനുട്ട് പ്രസംഗം ചിത്രീകരിച്ച് മടങ്ങെിയതുമാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. എഡിഎമ്മിനെ പരമാവധി അപമാനിച്ചുവിടുക എന്ന തിരക്കഥ നടപ്പാക്കുകയായിരുന്നു ദിവ്യ ചെയ്തതെന്ന് പാര്‍ട്ടി വിലയിരുത്തി.