/sathyam/media/media_files/SS1M3434L7dP6zzsQF3C.jpg)
തിരുവനന്തപുരം: അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്നും നമ്മള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം. അതിനെ ന്യായീകരിക്കുന്നത് ബുദ്ധിയല്ല. അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകുകയാണ് വേണ്ടത്. അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങളിപ്പോള്‍ കണ്ണുതുറന്നുവച്ച് ജാഗ്രതയോടെയാണ് ഇരിക്കുന്നത്. എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ക്ഷേത്രത്തില്‍ പോകുന്നവരെല്ലാം സംഘ്പരിവാറുകാര്‍ എന്ന പ്രചാരണത്തോട് യോജിപ്പില്ല. ആ പ്രചാരണം ഒരു കെണിയാണ്. അതില്‍ തലവെച്ചു കൊടുത്താല്‍ ജയിക്കുക ഏകസ്വരക്കാരായിരിക്കും. അമ്പലത്തില്‍ പോകുന്നവരോട് യഥാര്‍ഥത്തില്‍ പറയേണ്ടത് ഏകസ്വരക്കാര്‍ ഉയര്‍ത്തുന്ന നുണകളെക്കുറിച്ചാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി അയോധ്യക്ക് വേണ്ടി പൂജ നടത്തിയെന്ന ആരോപണം തെറ്റാണ്. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കലല്ല കോണ്‍ഗ്രസിന്‍റെ രീതി. ഭരണം വേണ്ട എന്ന നിലപാട് ഒരിക്കലുമില്ല. അധികാരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണ്.
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍കേ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ സന്നാഹമൊരുക്കുക എന്ന ജോലിയും ഭരണത്തിലെത്താനുള്ള ശ്രമങ്ങളും ഒരുമിച്ചു കൊണ്ടു പോകേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ് എന്നും പ്രതിപക്ഷ വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് ആരംഭിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഏകസ്വരങ്ങള്‍ക്കിടയില്‍ ബഹുസ്വരതയുടെ ഭാവി’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.