കണ്ണൂർ: മുഖ്യമന്ത്രിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി. ജയരാജൻ. അൻവറിന്റേത് വലതുപക്ഷത്തിന് സഹായകരമായ പരാമർശങ്ങളാണെന്ന് ജയരാജൻ പറഞ്ഞു. അൻവർ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്നും ജയരാജൻ പറഞ്ഞു.
'അൻവറിൻ്റെ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ട് പുറത്തുവന്നാലല്ലേ അൻവർ പ്രതികരിക്കേണ്ടത്. അതിനുമുമ്പ് തന്നെ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
തുടർച്ചയായി വാർത്താസമ്മേളനം നടത്തി വലതുപക്ഷത്തിന് ആയുധം കൊടുക്കുന്നവെന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. അതിനുപിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.' ജയരാജൻ കൂട്ടിച്ചേർത്തു.
'അൻവർ പാർട്ടിയുടെ രക്ഷകനായി അഭിനയിക്കുകയാണ്. പക്ഷേ അദ്ദേഹം പറയുന്നതെല്ലാം വലതുപക്ഷത്തിന് സഹായകരമാണ്. അൻവറിൻ്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് എത്തിയത്.' അദ്ദേഹം പറഞ്ഞു.