Advertisment

കേരളത്തിൽ അഴിമതി വൻതോതിൽ പെരുകുന്നു. രണ്ടര വർഷത്തിനിടെ വിജിലൻസ് കേസുകൾ 427. ഏറ്റവുമധികം തദ്ദേശ വകുപ്പിൽ. പിന്നാലെ റവന്യൂ, സഹകരണ വകുപ്പുകൾ. മിന്നൽ പരിശോധനകളും ട്രാപ്പുകളുമായി കളം നിറഞ്ഞ് വിജലൻസ്. ഓരോമാസവും വിജിലൻസിന് കിട്ടുന്നത് 700 പരാതികൾ.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
india-12.jpg

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ വിജിലൻസ് രജിസ്റ്റർ ചെയ്തത് 427 അഴിമതി കേസുകൾ. 95 കേസുകൾ രജിസ്റ്റർ ചെയ്ത തദ്ദേശ വകുപ്പാണ് മുമ്പിൽ. 76 കേസുകളുമായി റവന്യൂ വകുപ്പാണ് തൊട്ടുപിന്നിൽ. നിയമസഭയിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യമറിയിച്ചത്.

Advertisment

സഹകരണവകുപ്പിൽ 37ഉം മുഖ്യമന്ത്രിയുടെ സ്വന്തം വകുപ്പായ ആഭ്യന്തര വകുപ്പിൽ 22ഉം വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താരതമ്യേന അഴിമതിക്ക് കൂടുതൽ അവസരങ്ങളുള്ള മോട്ടോർ വാഹന വകുപ്പിൽ 16 കേസുകൾ മാത്രമെ ഉണ്ടായിട്ടുള്ളൂ.

സർക്കാർ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ചുള്ള പരാതികളിൽ നിന്ന് സോഴ്സ് റിപ്പോർട്ട് തയ്യാറാക്കുകയും ഓഫീസുകളിൽ സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. മിന്നൽ പരിശോധനകളും കെണി ഓപ്പറേഷനുകളുമായി  വിജിലൻസ് ശക്തമായി രംഗത്തുണ്ടെങ്കിലും ഭരണരംഗത്ത് അഴിമതി വർദ്ധിക്കുകയാണ്.

അനധികൃത സ്വത്ത് സമ്പാദനത്തിനടക്കം ഇക്കൊല്ലം ഇതുവരെ 120ഓളം കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. 2021ൽ82, 2020ൽ79 കേസുകളാണുണ്ടായിരുന്നത്. 500ലേറെ മിന്നൽ പരിശോധനകളും 44 ട്രാപ്പ് ഓപ്പറേഷനുകളും വിജിലൻസ് നടത്തിക്കഴിഞ്ഞു. പരാതിക്കാരെ ഉപയോഗിച്ച് കൈക്കൂലിക്കാരെ കുടുക്കുന്ന ട്രാപ് ഓപ്പറേഷനുകളുടെ എണ്ണംകൂട്ടാനാണ് വിജിലൻസ് തീരുമാനം. അഴിമതിരഹിത കേരളം എന്നതാണ് സർക്കാർ നയം.

മോട്ടോർ വാഹനവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, പട്ടികജാതി വികസന ഓഫീസുകൾ, വിദ്യാഭ്യാസ വകുപ്പ്, റവന്യൂ ഓഫീസുകൾ എന്നിങ്ങനെ മിന്നൽപരിശോധനകൾ കടുപ്പിക്കുകയാണ് വിജിലൻസ്. എല്ലാ വകുപ്പുകളിലും വിജിലൻസ് നിരീക്ഷണം ശക്തമാക്കും. അഴിമതി വിവരം ജനങ്ങളെ അറിയിക്കാൻ കൂടുതൽ സംവിധാനമൊരുക്കും. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്ഥിരമായി നിരീക്ഷണത്തിലാക്കും. പരാതി ലഭിച്ചാൽ ആറു മാസത്തിനകം വിജിലൻസ് അന്വേഷണം പൂർത്തിയാക്കണം. കോഴ പിടികൂടാൻ നടത്തുന്ന കറൻസി കൈമാറിയുള്ള ട്രാപ്പുകേസുകളും ആറുമാസത്തിനകം പൂർത്തിയാക്കണം.

പ്രാഥമിക അന്വേഷണത്തിന് മൂന്നു മാസവും രഹസ്യ അന്വേഷണത്തിനും മിന്നൽപ്പരിശോധനയ്ക്കും ഒരു മാസവുമാണ് സമയപരിധി. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള മറ്റ് കേസുകളിലെ അന്വേഷണം 12മാസത്തിനകം പൂർത്തിയാക്കണം.

ഉദ്യോഗസ്ഥർക്കെതിരായ രണ്ടായിരത്തോളം കേസുകളാണ് അന്വേഷിക്കാതെയും കുറ്റപത്രം നൽകാതെയും വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. ഈ കേസുകളിൽ 6മാസത്തിനകം കുറ്റപത്രം നൽകും. ശക്തമായ തെളിവുണ്ടെങ്കിൽ ശിക്ഷ വരെ കാക്കാതെ, മൂന്നുമാസം കൊണ്ട് വകുപ്പുതല അന്വേഷണം നടത്തി കൈക്കൂലിക്കാരെ പിരിച്ചുവിടണമെന്ന വിജിലൻസ് ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.

700 പരാതികളാണ് ഓരോമാസവും വിജിലൻസിന് കിട്ടുന്നത്. മുൻപ് 40- 50 മാത്രമായിരുന്നു. കൈക്കൂലിക്കാരെ കുടുക്കാനുള്ള വിവരങ്ങളാണ് ഭൂരിഭാഗം പരാതികളിലുമുള്ളത്.   പാലക്കാട് പാലക്കയത്തെ വില്ലേജ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിൽ നിന്ന് ഒരു കോടിയിലേറെ രൂപയടക്കം പിടിച്ചെടുത്തതാണ് ഏറ്റവും വലിയ ട്രാപ്പ്. തൃശൂരിലെ സർജനെ 15ലക്ഷം രൂപയുമായും 11ലക്ഷം രൂപയും ഒന്നര കിലോ സ്വർണവുമായി കോഴിക്കോട്ടെ ഡോക്ടറെയും പിടികൂടിയതും വലിയ ഓപ്പറേഷനുകളായി.

Advertisment