മൊബൈലിൽ റേഞ്ചും വൈദ്യുതിയും ഇല്ലെങ്കിലും വയനാട്ടിലെ ദുരന്ത മേഖലകളിൽ ആശയ വിനിമയത്തിന് ഹാം റേഡിയോ. മൊബൈൽ ടവറുകൾ നിലംപൊത്തിയ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്നുള്ള വിവരങ്ങൾ കളക്ടറേറ്റിലെത്തിക്കുന്നത് ഹാം റേഡിയോയിൽ. വയനാട് കളക്ടറേറ്റിൽ ഹാം റേഡിയോ സ്റ്റേഷൻ തുറന്നു. പുല്ലുമേട്, പെട്ടിമുടി, ഓഖി, പ്രളയ ദുരന്തങ്ങളിലും രക്ഷകനായി ഹാം റേഡിയോ. രക്ഷാദൗത്യത്തിലെ നിശബ്ദ നായകന്റെ കഥ

New Update
wayanad landslide

തിരുവനന്തപുരം: മൊബൈൽ ഫോൺ അടക്കം ആശയവിനിമയ സംവിധാനങ്ങൾ പരിമിതമായ വയനാട്ടിൽ രക്ഷാദൗത്യത്തിന് തുണയായി ഹാം റേഡിയോ. ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിനാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഹാം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്. കൽപ്പറ്റയിലെ കളക്ടറേറ്റിലാണ് ബേസ് സ്റ്റേഷന്‍. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഇവിടേക്ക് വിവരങ്ങള്‍ കൈമാറുന്നു. 2018ലെ മഹാപ്രളയത്തിലും പിന്നീടുണ്ടായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ദുരന്തങ്ങളിലുമെല്ലാം ഹാം റേഡിയോ രക്ഷാദൗത്യത്തിന് ഉപകാരപ്രദമായിരുന്നു.

Advertisment

ഉരുൾപൊട്ടൽ മേഖലയിൽ മൊബൈൽ ടവറുകളും വൈദ്യുതി ലൈനുകളും തകരുന്നതോടെയാണ് ആശയവിനിമയം സങ്കീർണമാവുന്നത്. ഇതിനുള്ള പരിഹാരമാണ് ഹാം റേഡിയോ. മേശപ്പുറത്ത് പ്രവർത്തിക്കുന്ന ചെറിയ ഒരു റേഡിയോ സ്റ്റേഷനാണ്ഹാം  വയർലസ് സെറ്റ് അഥവാ ട്രാൻസീവർ (ട്രാൻസ്മിറ്ററും റിസീവറും ചേർന്നത്).

ഇതിൽ ഒരു റേഡിയോ പ്രക്ഷേപണിയും റേഡിയോ സ്വീകരണിയും ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു. റേഡിയോ സ്റ്റേഷൻ അഥവാ പ്രസരണിഅന്തരീഷത്തിലേയ്ക്ക് റേഡിയോ സന്ദേശങ്ങൾ അയക്കുന്നു. റേഡിയോ റിസീവർ അഥവാ സ്വീകരണി ആ സന്ദേശങ്ങൾ പിടിച്ചെടുത്ത് കേൾപ്പിക്കുന്നു.

വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന റേഡിയോ സന്ദേശവിനിമയത്തെയാണ് ഹാം അഥവ അമച്വർ റേഡിയോ എന്നു പറയുന്നത്‌. ദുരന്ത മേഖലകളിലും അടിയന്തര ഘട്ടങ്ങളിലും ഹാം റേഡിയോ ഉപയോഗപ്പെടുത്താൻ വിവിധ വകുപ്പുകൾ പദ്ധതി തയാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിട്ടിയും ഹാം റേഡിയോ സേവനം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കും.

ഉരുള്‍ പ്രവാഹത്തിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ സെൽ ടവറുകൾ പാടെ നിലംപൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവിൽ മൊബൈൽ ഫോൺ സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. കളക്ടറേറ്റിൽ താഴത്തെ നിലയിലാണ് ബേസ് സ്റ്റേഷന്‍ സജ്ജമാക്കിയിരിക്കുന്നത്. റിസീവറുകള്‍, ആംപ്ലിഫയര്‍, ലോഗിങിനും ഡിജിറ്റല്‍ മോഡുലേഷനുമുള്ള കമ്പ്യൂട്ടറുകള്‍ എന്നിവയോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിലേക്ക് ദുരന്തഭൂമിയിൽ നിന്നും ഹാം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ഓപ്പറേറ്റര്‍മാര്‍ വിവരങ്ങള്‍ നൽകുന്നു.

 അമ്പലവയൽ പൊന്മുടിക്കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള ഫാന്‍റം റോക്ക് റിപ്പീറ്ററാണ് ഹാം റേഡിയോ ആശയവിനിമയം സുഗമമാക്കുന്നത്. ഹാം ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സുൽത്താന്‍ ബത്തേരി ഡി.എക്സ് അസോസിയേഷനാണ് റിപ്പീറ്റര്‍ സ്ഥാപിച്ചത്.

അസോസിയേഷന്‍ ചെയര്‍മാന്‍ സാബു മാത്യു, സീനിയര്‍ ഹാം ഓപ്പറേറ്ററും സുൽത്താന്‍ ബത്തേരി ഗവ.ആശുപത്രിയിലെ പള്‍മണോളജിസ്റ്റുമായ ഡോ. എബ്രഹാം ജേക്കബ് എന്നിവരാണ് ഹാം റേഡിയോ സേവനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ദുരന്തദിനത്തിൽ തന്നെ ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ രംഗത്തിറങ്ങിയിരുന്നു. മുണ്ടക്കൈയിലെത്തിയെ ആദ്യ സേനാ സംഘം ആവശ്യപ്പെട്ടതനുസരിച്ച് പ്രദേശവാസികളെ അവിടേക്കെത്തിക്കാന്‍ തുണയായത് ഹാം റേഡിയോ സന്ദേശമാണ്.

നിലവിൽ ചൂരൽമല -മുണ്ടക്കൈ രക്ഷാപ്രവർത്തന സംഘങ്ങളിലെ ഓരോ ടീമിനൊപ്പവും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം ഉറപ്പാക്കി മേഖലയിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ യഥാസമയം കളക്ടറേറ്റിലേക്ക് കൈമാറുന്നുണ്ട്.  എം. നിധിഷ്, അശ്വിൻദേവ്, ഡോ. രോഹിത് കെ.രാജ്, അനൂപ് മാത്യു, കെ.എൻ സുനിൽ, എം. വി ശ്യാംകുമാർ, മാർട്ടിൻ കെ ഡൊമിനിക്, ടി.വി സന്തോഷ്, സുനിൽ ജോർജ് എന്നിവരാണ്  ചൂരൽമലയിലെ രക്ഷാപ്രവർത്തന വിവരങ്ങൾ പ്രക്ഷേപണ കേന്ദ്രം മുഖേന കളക്ടറേറ്റിലേക്ക് കൈമാറുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ട് നിറഞ്ഞപ്പോഴും പുല്ല്‌മേട് ദുരന്തം, പെട്ടിമുടി ദുരന്തം, ഓഖി ദുരന്തം, പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കും സജീവമായി വാർത്താ വിനിമയമൊരുക്കിയതിലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിലും ഹാം റേഡിയോ പ്രവർത്തകർ മുന്നിലുണ്ടായിരുന്നു.

കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാണ് ഹാം റേഡിയോ സംവിധാനം പ്രവർത്തിക്കുന്നത്. മന്ത്രാലയത്തിന്റെ ലൈസൻസ് ഉള്ളവരാണ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കെഎസ്ഇബി, അഗ്നിരക്ഷാ സേന, കേരള ഡാം സേഫ്റ്റി അതോറിറ്റി, ഡാം സേഫ്റ്റി ഓർഗനൈസേഷൻ എന്നീ വകുപ്പുകൾ ഇവയുടെ സേവനം ഉപയോഗിക്കുന്നു. മുൻവർഷങ്ങളിലെ വൻ പ്രളയത്തിലും പെട്ടിമുടി ദുരന്തത്തിലും വൈദ്യുതി – ടെലിഫോൺ ബന്ധം വിഛേദിക്കപ്പെട്ടപ്പോൾ ഇതു പ്രയോജനപ്പെട്ടു. തൃശൂർ പൂരത്തിനിടെ മൊബൈൽ സംവിധാനം‌ തകരാറിലായപ്പോഴും ഔദ്യോഗിക ആശയവിനിമയത്തിന് ഹാം റേഡിയോ ഉപയോഗിച്ചിരുന്നു.

Advertisment