101കോടിയുടെ കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകനും അകത്താവുമ്പോൾ തെളിയുന്നത് സഹകരണ മേഖലയിലെ വമ്പൻ തട്ടിപ്പുകൾ. 39മണിക്കൂർ മാരത്തോൺ റെയ്ഡിൽ പിടിച്ച രേഖകൾ നിർണായകമെന്ന് ഇ.ഡി. ജനങ്ങളുടെ നിക്ഷേപം സ്വന്തം കീശയിലേക്ക് വകമാറ്റിയ കൂടുതൽ ബാങ്കുകളിലേക്ക് അന്വേഷണവുമായി ഇ.ഡി. അന്വേഷണം തീരുമ്പോൾ പുഴുക്കുത്തുകൾ നീങ്ങി സഹകരണമേഖല ശക്തിപ്പെടും.

ഭാസുരാംഗനെ സി.പി.ഐയിൽ നിന്നും മിൽമയിൽ നിന്നും പുറത്താക്കി സർക്കാരും പാർട്ടിയും തലയൂരിയിരുന്നു.  

New Update
bhasurangan kandala.jpg

കൊച്ചി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിൽ 101 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്തിയതിന്  ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ മുൻ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ എൻ. ഭാസുരാംഗനെയും മകൻ അഖിൽജിത്തിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തതോടെ സഹകരണ മേഖലയിലെ വമ്പൻ തട്ടിപ്പുകളാണ് തെളിഞ്ഞുവരുന്നത്.  ഭാസുരാംഗനെ സി.പി.ഐയിൽ നിന്നും മിൽമയിൽ നിന്നും പുറത്താക്കി സർക്കാരും പാർട്ടിയും തലയൂരിയിരുന്നു.  

Advertisment

തട്ടിച്ചെടുത്ത പണം ഒരു മന്ത്രിയും ഉന്നതരായ ഭരണകക്ഷി നേതാക്കളും കൈപ്പറ്റിയെന്ന് ബി.ജെപി ആരോപണമുന്നയിച്ചതോടെ ആ വഴിക്കും ഇ.ഡി അന്വേഷണം നീളുമെന്നുറപ്പാണ്. തട്ടിപ്പ് നടന്നിട്ടുള്ള മറ്റ് ബാങ്കുകളിലേക്കും ഇ.ഡിയുടെ അന്വേഷണം നീളും. അന്വേഷണം കഴിയുന്നതോടെ സഹകരണ മേഖലയിലെ പുഴുക്കുത്തുകൾ ഇല്ലാതാവുമെന്നാണ് ഇ.ഡി പറയുന്നത്.

ഭാസുരാംഗനെ നാലുതവണയും അഖിൽജിത്തിനെ മൂന്നു തവണയും ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. കണ്ടല ബാങ്കിലും ഭാസുരാംഗന്റെയും ജീവനക്കാരുടെയും വീടുകളിലും 39 മണിക്കൂറോളം റെയ്ഡ് നടത്തിയ ഇ.ഡി, നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെയും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്, സി.പി.യു തുടങ്ങിയവയുടെയും ശാസ്ത്രീയപരിശോധന നടത്തി. ഇവയിൽ നിന്ന് ലഭിച്ച തെളിവുകൾ നിരത്തിയായിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.

നടന്നത് തട്ടിപ്പല്ല, ക്രമക്കേടാണെന്നായിരുന്നു ഭാസുരാംഗന്റെ നിലപാട്. കേസിന് പിന്നിൽ സ്വന്തം പാർട്ടി നേതാക്കൾ അടക്കമുള്ളവർ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു.  ഡിജിറ്റൽ തെളിവുകളും നിർണായകമായെന്നാണ് ഇ.ഡി വിശദീകരിക്കുന്നത്. മതിയായ ഈടില്ലാതെ കോടികൾ വായ്പ നൽകിയതും ഒരേ ഈടുപയോഗിച്ച് കുടുംബാംഗങ്ങൾക്കടക്കം പല വായ്പകൾ നൽകിയതുമടക്കം നടത്തിയ തട്ടിപ്പുകളിൽ ബാങ്കിന് 101കോടി നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.

64 എഫ്.ഐ.ആറുകളുണ്ടായിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. സൗഭാഗ്യനിക്ഷേപം, നിത്യനിധി, നിക്ഷേപം ഇരട്ടിയാക്കൽ തുടങ്ങിയ പദ്ധതികളിലൂടെ ക്രമക്കേട് നടത്തിയെന്നാണ് ഇ.ഡിക്കുള്ള വിവരം.

തട്ടിച്ചെടുത്ത പണംകൊണ്ട് ഹോട്ടലുകളും സൂപ്പർമാർക്കറ്റുകളും വീടുകളുമുണ്ടാക്കിയതും ബെൻസടക്കം ആഡംബരകാറുകൾ വാങ്ങിയതും അന്വേഷിക്കുന്നുണ്ട്. മുപ്പത് വർഷം കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗന്റെ നേതൃത്വത്തിലാണ് ഈ തട്ടിപ്പുകൾ നടന്നതെന്ന് ഇ.ഡി പറയുന്നു. തട്ടിച്ചെടുത്ത പണം ഭാസുരാംഗൻ, കുടുംബാംഗങ്ങൾ, മുൻ ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ശുപാർശ.

സാധാരണ കുടുംബത്തിൽ ജനിച്ച ഭാസുരാംഗൻ എൽ.ഐ.സി ഏജന്റായി ജോലിചെയ്യുന്നതിനിടെയാണ് കോൺഗ്രസ് നേതാവായത്. പിന്നീട് കണ്ടല ബാങ്കിന്റെ ഭരണസമിതി അംഗവും പ്രസിഡന്റുമായി. എന്നാൽ കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ഒരു സംഘം അണികളുമായി സി.പി.ഐയിലേക്ക് ചേക്കേറി. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരണത്തിലായിരുന്ന ബാങ്ക് തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐ ഭാസുരാംഗന്റെ നേതൃത്വത്തിൽ ഭരണം പിടിച്ചു.

ഇതോടെ പാർട്ടിയിൽ വലിയ സ്ഥാനം ഭാസുരാംഗന് ലഭിച്ചു. തുടർന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.ഐ ടിക്കറ്റിൽ മത്സരിച്ച് ജയിച്ച് രണ്ടരവർഷം പഞ്ചായത്ത് പ്രസിഡന്റുമായി. മകന്റെയും ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയും പേരിലെടുത്ത കോടിക്കണക്കിന് രൂപയാണ് കണ്ടല ബാങ്കിന് ഭാസുരാംഗൻ തിരിച്ചടക്കാനുള്ളത്. വഴിവിട്ട ഇടപാടുകൾ ഒരു സഹകരണ ബാങ്കിനെ തകർക്കുന്നതെങ്ങനെയെന്ന് കണ്ടലയിലെ തട്ടിപ്പുകൾ കണ്ട് മനസിലാക്കാം.

2005 മുതൽ 2021 ഡിസംബർ വരെ നിക്ഷേപത്തിൽ വകമാറ്റി 80.27 കോടി രൂപയാണ് ക്രമരഹിതമായി ചെലവഴിച്ചത്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവര ജംഗമ വസ്തുക്കളിൽ വകമാറ്റി ചെലവഴിച്ചത് 6.75 കോടിയാണ്. നിക്ഷേപത്തിൽ നിന്ന് ചിട്ടികളിലേക്ക് വകമാറ്റിയത് 10 കോടി.

 2005-06 വർഷത്തിൽ മാത്രം അധികപലിശ നിരക്കിലും സഹകരണ ആശുപത്രിയിലേക്കുള്ള ചെലവിനത്തിലുമായി 3.9 കോടി വകമാറ്റി. ഇത്തരത്തിൽ 101 കോടിരൂപയാണ് തിരികെ കിട്ടാനാവാത്തവിധം നഷ്ടമായത്. കോടികൾ ചോർന്നതോടെ നിക്ഷേപകർക്ക് പണം തിരികെനൽകാൻ കഴിയാതെയായി. വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് പണം പിൻവലിക്കാനാവാതെ നിക്ഷേപകർ വലഞ്ഞു. 2005-06ൽ കേവലം 4.4കോടിയായിരുന്ന ബാങ്കിന്റെ നഷ്ടം 2015-16 ആയപ്പോഴേക്കും 50കോടിയിലേറെയും, 2021 ഡിസംബറോടെയത് 100കോടിയിലുമെത്തി. ഇപ്പോൾ നഷ്ടം 130കോടിയെങ്കിലുമായിട്ടുണ്ടെന്ന് നിക്ഷേപകർ പറയുന്നു.

ഈടുവയ്ക്കുന്ന ഭൂമിയുടെ മൂല്യം കണക്കാക്കാതെ തോന്നിയപോലെയാണ് വായ്പ നൽകിയിരുന്നത്. 3സെന്റ് ഭൂമി പോലുമില്ലാത്തവർക്കും ലക്ഷങ്ങൾ വായ്പ കിട്ടി. 5ലക്ഷം വിലയില്ലാത്ത ഭൂമി വച്ച് 10ലക്ഷത്തിലേറെ വായ്പയെടുത്തവരും 10ലക്ഷത്തിന്റെ ചിട്ടി പിടിച്ചവരുമുണ്ട്. ഒരേ ഭൂമി ഈടുനൽകി നിരവധി വായ്പയെടുത്തവരുണ്ട്.

വസ്തുവിന്റെ മതിപ്പുവില കൂട്ടിക്കാണിച്ച് വേണ്ടപ്പെട്ടവർക്ക് നൽകിയ ലക്ഷങ്ങളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് കടക്കെണിയിലായി. ഇത്തരത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ അധിക പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചു. 

ഇത് ബാങ്കിന് വലിയ ബാദ്ധ്യതയായി മാറി. ഭാസുരാംഗൻ പ്രസിഡന്റായി മാറനല്ലൂരിലെ ക്ഷീര എന്ന സഹകരണ സംഘത്തിന് പലതവണയായി വായ്പ നൽകിയതിൽ 2.04കോടി രൂപയാണ് തിരികെ കിട്ടാനുള്ളത്. 2021മാർച്ചിലെ കണക്കുപ്രകാരം 102.62കോടിയാണ് ബാങ്ക് വായ്പയായി നൽകിയത്. ഇതിൽ 37.37 കോടി അനധികൃതമായി നൽകിയതാണെന്ന് കണ്ടെത്തിയെങ്കിലും തിരിച്ചുപിടിക്കാൻ നടപടിയില്ല. പരിധിയില്ലാതെ വായ്പകൾ നൽകിയവരിൽ 2.22 കോടി വരെ വാങ്ങിയവരുണ്ട്.  ഈ കള്ളക്കളികളുടെയെല്ലാം ചുരുളഴിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇ.ഡി.

bank
Advertisment