കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം, ദിവ്യയുടെ മൊഴി ഇന്നെടുക്കും, അന്വേഷണത്തിനായി കണ്ണൂർ പൊലീസ് പത്തനംതിട്ടയിലെത്തും

New Update
pp divya

എഡിഎം കെ നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസി‌ഡന്റ് പിപി ദിവ്യയുടെ മൊഴി ഇന്നെടുക്കും. നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കണ്ണൂർ പൊലീസ് ഇന്ന് പത്തനംതിട്ടയിലെത്തും. കഴിഞ്ഞ ദിവസമാണ് നവീനിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെത്തിച്ചത്.

Advertisment

ഇന്ന് രാവിലെ പത്തിന് കളക്ടറേറ്റിൽ പൊതുദർശനം സംഘടിപ്പിച്ചിട്ടുണ്ട്. പതിനൊന്നരയോടെ സ്വദേശമായ മലയാലപ്പുഴ പത്തിശേരിൽ കാരുവള്ളിയിൽ വീട്ടിലെത്തിക്കും. മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.

ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 12നാണ് പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെത്തിയത്. ജില്ല കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി.

കണ്ണൂർ ജില്ല കളക്ടർ അരുൺ കെ.വിജയൻ, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി.ജയരാജൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment