Advertisment

ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തിരുത്തൽ തുടങ്ങി സർക്കാർ. പാവങ്ങൾക്കുള്ള ക്ഷേമപെൻഷൻ ഒരു ഗഡു നൽകാൻ 900 കോടി. അങ്കണവാടി ജീവനക്കാർക്ക് ശമ്പളത്തിന് 10.88 കോടി. 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള, പെൻഷൻ വിതരണത്തിനായി 30 കോടി. ക്ഷേമപെൻഷൻ പോലും നൽകാതെ ധൂർത്തെന്ന വിമർശനത്തിനിടെ, ജനക്ഷേമ പ്രവർത്തനങ്ങളുമായി സർക്കാർ.

New Update
pinarayi real one.jpg

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണങ്ങളിൽ പ്രധാനം ക്ഷേമപെൻഷൻ അടക്കം വിവിധ ജനവിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നൽകാത്തതാണെന്ന വിമർശനത്തിന് പിന്നാലെ തെറ്റുതിരുത്തി സർക്കാർ. കുടിശികയിൽ ഒരു ഗഡു ക്ഷേമപെൻഷൻ കഴിഞ്ഞ 27 മുതൽ നൽകിത്തുടങ്ങിയതിന് പിന്നാലെ ആശ, അങ്കൺവാടി ജീവനക്കാർക്കുള്ള കുടിശികയും നൽകിത്തുടങ്ങി. മാത്രമല്ല, ഏറെ വിവാദമുണ്ടാക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം തടയുന്ന നടപടിക്കും അവസാനമാവുകയാണ്. 

Advertisment

കെ.എസ്.ആർ.ടി.സിക്ക് 30കോടിയുടെ സഹായവും ധനവകുപ്പ് അനുവദിച്ചു. സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗങ്ങളിലടക്കം പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല, സർക്കാരിന് ധൂർത്ത് നടത്താൻ പണമുണ്ടെന്നും പാവങ്ങളുടെ പെൻഷൻ നൽകാനാണ് പണമില്ലാത്തതെന്നും പ്രതിപക്ഷം തുടർച്ചയായി ആരോപണമുന്നയിക്കുന്നു.

സർക്കാരിന്റെ മുൻഗണന എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടരെത്തുടരെ ചോദിക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് ജനക്ഷേമ നടപടികളുമായി സർക്കാർ തിരുത്തലിന് തുടക്കമിട്ടത്.

അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ ഇന്ന്‌ അനുവദിച്ചതാണ് ഏറ്റവും അവസാനത്തേത്.  ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ ഹോണറേറിയം വിതരണത്തിന്‌ സംസ്ഥാന വിഹിതമായി ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്‌. ഇതിൽ 46 കോടി രൂപ മൂന്നു മാസത്തിനുള്ളിൽ നൽകിയതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
33,115 അങ്കണവാടികളിലായി 66,000ലേറെ പേർ വർക്കർമാരും ഹെൽപ്പർമാരുമായി പ്രവർത്തിക്കുന്നുണ്ട്.

ഇവരുടെ പ്രതിഫലത്തിൽ 60 ശതമാനവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്നു. കഴിഞ്ഞ വർഷം കേന്ദ്ര വിഹിതം അംഗീകരിച്ചതിൽ 21 കോടി രൂപ ഇനിയും ലഭിച്ചിട്ടില്ല. ഈ വർഷം 209 കോടി രൂപയാണ്‌ കേന്ദ്ര വിഹിതമായി അംഗീകരിച്ചിട്ടുള്ളത്‌. എന്നാൽ, മൂന്നു മാസം കഴിഞ്ഞിട്ടും ഒരു രൂപയും അനുവദിച്ചിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. 

പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ  ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ്‌ 45 കോടി രൂപ അനുവദിച്ചത്‌. ആശ വർക്കർമാരുടെ ഇൻസെന്റീവ്‌ വിതരണത്തിന്‌ 10 കോടിയും നൽകി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ (എൻഎച്ച്‌എം)ത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്‌.

അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000ൽപരം ജീവനക്കാർ സംസ്ഥാനത്ത്‌ എൻഎച്ച്‌എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം ഉൾപ്പെടുന്നു. ഇതിനുപുറമെ 26,000 ആശ വർക്കർമാരുമുണ്ട്‌.

 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ്‌ എൻഎച്ച്‌എം പ്രവർത്തിക്കുന്നത്‌. കഴിഞ്ഞവർഷം പദ്ധതിച്ചെലവ്‌ മുഴുവൻ സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയായിരുന്നു. ഈ വർഷം 2005 കോടി രുപയുടെ പദ്ധതി അടങ്കലിനാണ്‌ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്‌.  ഇതിൽ 329 കോടി രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണമായി ലഭിക്കേണ്ടതാണ്.  ഈ തുക നാല് ഗഡുക്കളായി ലഭ്യമാക്കുകയാണ് പതിവ്. എന്നാൽ,  ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒരു രൂപയും അനുവദിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷവും പദ്ധതി അടങ്കൽ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു.  

എന്നാൽ ജീവനക്കാരുടെ ശമ്പളവും ആശാ വർക്കർമാരുടെ ഹോണറേറിയവും അടക്കമുള്ളവയുടെ വിതരണത്തിന് ഒരു രൂപ പോലും കേന്ദ്രസർക്കാർ അനുവദിച്ചിരുന്നില്ല. സംസ്ഥാന സർക്കാർ നൽകിയ സഹായത്താലാണ് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.  ഈ വർഷവും ഇതേ അവസ്ഥയാണുള്ളത്.  നിലവിൽ ജീവനക്കാരുടെ ശമ്പളവും  ആശ വർക്കർമാർക്കും പ്രതിഫലവുമടക്കം കുടിശികയാകുന്ന സാഹചര്യത്തിലാണ്‌ അടിയന്തിരമായി സംസ്ഥാന   സഹായം അനുവദിക്കാൻ തീരുമാനിച്ചതെന്ന്‌  മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ആശാവർക്കർമാർക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.

ജീവനക്കാരുടെ ശമ്പള, പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം 20 കോടി രൂപ നൽകിയിരുന്നു.  ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സ‍ർക്കാർ സഹായം ലഭ്യമാക്കുന്നത്.  

ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്. ഈ സർക്കാർ ഇതുവരെ 5747 കോടി രൂപ കോർപറേഷന്‌ സഹായമായി കൈമാറി. സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങിയിട്ടുണ്ട്. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടിയാണ് അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലും പെൻഷൻ നൽകിയിരുന്നതായും സർക്കാർ വിശദീകരിക്കുന്നു.

Advertisment