/sathyam/media/media_files/yxG8lZoGrrrlZwDBZTuq.jpg)
ആലപ്പുഴ: യു.ഡി.എഫിലെ കെ.സി.വേണുഗോപാൽ പ്രതീക്ഷിച്ച വിജയം കൊയ്തതിന് പിന്നാലെ ആലപ്പുഴയിൽ വലത് ഇടത് മുന്നണികളിലെ വോട്ട് ചോർച്ച ചർച്ചയാകുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നേടിയ 299648 വോട്ടുകളാണ് വോട്ട്ചോർച്ചയെപ്പറ്റിയുളള ചർച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്. പാർട്ടിയുടെ അനുഭാവികളുടെ വോട്ടുകൾക്കൊപ്പം കേഡർ വോട്ടുകളും ചോർന്നുവെന്നാണ് സി.പി.എമ്മിൻെറ സംശയം.
വോട്ട് ചോർച്ച പരിശോധിക്കണമെന്ന് ആവശ്യമുയരുന്നതിനാൽ എന്തുവേണമെന്ന ആലോചനയിലാണ് ജില്ലാ നേതൃത്വം. ഹരിപ്പാട്ടും കായംകുളത്തും ഇടത് മുന്നണി മൂന്നാം സ്ഥാനത്തായതും സി.പി.എമ്മിന് നാണക്കേടായി. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ട് കെ.സി.വേണുഗോപാലിൻെറ ഭൂരിപക്ഷം 1345 വോട്ടായി കുറഞ്ഞത് കോൺഗ്രസിലും ചർച്ചയായി കഴിഞ്ഞു.
കിട്ടിയ വോട്ടുകളെക്കാൾ ചോർന്ന വോട്ടുകളുടെ ഉറവിടം അന്വേഷിക്കുകയാണ് ആലപ്പുഴയിലെ മുന്നണികൾ. എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ നേടിയ 299648 വോട്ട് കഴിഞ്ഞ തവണ ബി.ജെ.പി നേടിയതിനേക്കാൾ 111919 വോട്ട് കൂടുതലാണ്.ഇതിൻെറ ഉറവിടം തേടിയാണ് ചർച്ച കൊഴുക്കുന്നത്. 63513 വോട്ടിൻെറ ഭൂരിപക്ഷത്തിൽ കെ.സി.വേണു ഗോപാൽ വിജയിച്ചതിനാൽ ശോഭ നേടിയ വോട്ടുകളിൽ ഏറിയ പങ്കും ഇടത് വോട്ടാണ്. ഈ ചോർച്ചയുടെ ഞെട്ടലിലാണ് എൽ.ഡി.എഫും സി.പി.എമ്മും.ശോഭ നേടിയ മൂന്നു ലക്ഷത്തോളം വോട്ടിൽ തങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള വോട്ട് എത്രയെന്ന അന്വേഷണമാണ് സി.പി.എമ്മിലെ ചർച്ചകളിൽ കാണുന്നത്./sathyam/media/media_files/Ob3QUI9GjED9Q2fCXt9c.jpeg)
യു ഡി എഫിന് നഷ്ടമായ വോട്ടിനേക്കാൾ എത്രയോ ഇരട്ടിയാണ് എൽ.ഡി,എഫിന് കിട്ടാതെ പോയത്. ചില വിഭാഗങ്ങളുടെ വോട്ട് കിട്ടാതെ പോയപ്പോൾ കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടമായ വോട്ടുകളിൽ 90 ശതമാനവും ഇത്തവണ തിരികെ കിട്ടി. എന്നാൽ LDF വോട്ട് ബാങ്കിലെ വിള്ളൽ ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എം സ്വാധീന മേഖലകളിലെ കേഡർ വോട്ടുകൾ അടക്കം നഷ്ടമായി. അതൃപ്തരായ സിപിഎം പ്രവർത്തകരുടെ വോട്ടുകൾ വൻ തോതിൽ ചോർന്നത് കെ.സി. വേണുഗോപാലിന് ഗുണകരമായി ഭവിച്ചു.
ആലപ്പുഴയിൽ കെ.സി വേണുഗോപാലിന് ലഭിച്ച18418 വോട്ടിൻെറ ഭൂരിപക്ഷവും, ചേർത്തലയിൽ ലഭിച്ച 843 വോട്ടിൻെറ ഭൂരിപക്ഷവും ഇതിൻെറ തെളിവാണ്. ആലപ്പുഴ നിയമസഭാ മണ്ഡലത്തിൽ 2019ൽ ഷാനിമോൾ ഉസ്മാന് 69 വോട്ടായിരുന്നു ഭൂരിപക്ഷം.
കഴിഞ്ഞ തവണ ചേർത്തലയിൽ എ.എം ആരിഫ് 16, 440 വോട്ട് ലീഡ് നേടിയതാണ്.അവിടെ നിന്നാണ് ഈ കൂപ്പുകുത്തൽ. ഒരിക്കലും നഷ്ടമാകില്ലെന്ന് സി.പി.എം നേതൃത്വം ഉറച്ച് വിശ്വസിച്ച ചില മേഖലകളിൽ ബി.ജെ.പി സ്ഥാനാർത്ഥി ലീഡ് ചെയ്തു. അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര - പറവൂർ തീരമേഖലകളിൽ ശോഭാ സുരേന്ദ്രൻ നേട്ടം ഉണ്ടാക്കി.
ഹരിപ്പാട് മണ്ഡലത്തിലെ സി.പി.എം ശക്തികേന്ദ്രങ്ങളായ കരുവാറ്റ, ചെറുതന, കുമാരപുരം പഞ്ചായത്തുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭയ്ക്കാണ് ലീഡ് . ഹരിപ്പാട് കായംകുളം മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രണ്ടാമതെത്തി. അമ്പലപ്പുഴയിൽ എ.എം. ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസം 110 വോട്ട് മാത്രമാണ്.
കായംകുളത്ത് സി.പി.എം സ്വാധീന കേന്ദ്രങ്ങളായ പത്തിയൂർ, ചെട്ടികുളങ്ങര, കായംകുളം ടൗൺ എന്നിവിടങ്ങളിൽ എൻ.ഡി.എ ലീഡ് ചെയ്തു. ഇവിടെ സി.പി.എം സ്ഥാനാർത്ഥി മൂന്നാമതാണ്.
മൊത്തം വോട്ടുനില പരിശോധിക്കുമ്പോൾ ശോഭ സുരേന്ദ്രനും എ.എം.ആരിഫും തമ്മിലുള്ള വ്യത്യാസം 39,755 വോട്ട് മാത്രമാണ് . പ്രതീക്ഷിച്ച വോട്ട് കിട്ടാതെ പോയത് പാർട്ടി പരിശോധിക്കുമെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ആരിഫിൻ്റെ തോൽവി CPM ലും വിവാദങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us