നദികളിൽ അടിഞ്ഞുകൂടിയ മണൽ വിറ്റ് 1000കോടി ഖജനാവിൽ എത്തിക്കാൻ സർക്കാർ. പമ്പ മണൽക്കൊള്ള പോലെ വമ്പൻ അഴിമതിക്ക് വഴിതുറക്കുമെന്ന് ആക്ഷേപം. മണൽ വാരി വിറ്റഴിച്ചാൽ നിർമ്മാണ മേഖലയ്ക്ക് മെച്ചം. നദികളിലെ വെള്ളപ്പൊക്കവും തടയാം. കാലവർഷത്തിന് മുൻപ് മണൽ വാരാൻ സർക്കാർ.

New Update
1867689-yo02-f-58.jpeg

തിരുവനന്തപുരം: സംസ്ഥാനത്തെ 18 നദികളിലുള്ള ആയിരം കോടിയുടെ മണൽ വാരി ഖജനാവ് നിറയ്ക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. 32 നദികളിൽ സർവേ നടത്തിയാണ് 18 നദികളിൽ മണൽ വാരാൻ തീരുമാനിച്ചത്. പക്ഷേ മണൽവാരാൻ ഉത്തരവിറങ്ങി മാസങ്ങളായിട്ടും നടപടികൾ ഇഴയുകയാണ്. നേരത്തേ പ്രളയത്തിന്റെ മറവിൽ പമ്പയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മണൽക്കൊള്ളയ്ക്ക് ഉന്നത ഉദ്യോഗസ്ഥരടക്കം ഒത്താശ ചെയ്ത സംഭവമുണ്ടായിരുന്നു. അതിനാൽ നദികളിലെ മണൽവാരൽ വൻ അഴിമതിക്ക് വഴിതുറക്കുമെന്ന ആശങ്കയാണ് സർക്കാരിനുമുള്ളത്.

Advertisment

നദികളുടെ ജലസംഭരണ ശേഷി കൂട്ടി പ്രളയത്തെ ചെറുക്കലും നദീതീര സംരക്ഷണവും ലക്ഷ്യമിട്ടുള്ള മണൽവാരൽ നടപടികൾ വേഗത്തിലാക്കുമെന്നാണ് സർക്കാർ പറയുന്നത്. മലപ്പുറം ജില്ലയിലുൾപ്പെട്ട ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി നദികളിൽ മണൽവാരൽ തുടങ്ങാൻ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിന്റെ അനുമതി കിട്ടിയിട്ടുണ്ട്. ജില്ലകളിൽ വിവിധ ഘട്ടങ്ങളിലായാവും മണൽവാരൽ.  

ജില്ലാ കളക്ടർ അദ്ധ്യക്ഷനായും പരിസ്ഥിതി, തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളായുമുള്ള ജില്ലാതല സമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന് (ഐ.എൽ.ഡി.എം)  കീഴിലുള്ള റിവർ മാനേജ്മെന്റ് സെന്ററാണ് നദികളിലെ സാൻഡ് ആഡിറ്രിംഗ് നടത്തിയത്. സംസ്ഥാനത്തെ 32 നദികളിൽ നടത്തിയ സാൻഡ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ , കാസർകോട്, പത്തനതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാദ്ധ്യതയുള്ള സൈറ്രുകൾ കണ്ടെത്തിയിട്ടുള്ളത്. മണൽവാരുന്നതിന് സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറൻസ് സുപ്രീംകോടതി നിർബ്ബന്ധമാക്കിയതോടെയാണ് 2016ൽ സംസ്ഥാനത്ത് മണൽവാരൽ നിലച്ചത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഇതനുസരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. 

ഈ വിജ്ഞാപനത്തിന്റെയും സുപ്രീംകോടതി നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാന റവന്യൂവകുപ്പ് പ്രത്യേക മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് മണൽവാരൽ ആരംഭിക്കാൻ നടപടി സ്വീകരിച്ചെങ്കിലും അംഗീകൃത കൺസൽട്ടന്റുമാർ മുഖേനയേ മണൽവാരലിനുള്ള പദ്ധതി തയ്യാറാക്കാൻ പാടുള്ളു എന്ന് 2020 ൽ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ചു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സാൻഡ് ആഡിറ്റിംഗ് അടക്കമുള്ള നടപടികൾ നടത്തിയത്.  മലപ്പുറത്ത് ചാലിയാർ, കടലുണ്ടി പുഴകളിൽ തഹസിൽദാർമാരുടെ നേതൃത്വത്തിൽ 17 കടവുകളിൽ സർവേ നടത്തി . ചാലിയാറിലെ 15 കടവുകളും കടലുണ്ടിപ്പുഴയിലെ രണ്ട് കടവുകളും. രണ്ടിടത്തും അഞ്ച് ഹെക്ടറിൽ താഴെ വരുന്ന സ്ഥലത്ത് നിന്ന് മണൽ വാരുന്നതിനുള്ള സാദ്ധ്യതയാണ് പരിശോധിച്ചത്.  

 മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ വലിയ പ്രതീക്ഷയിലായിരുന്നു നിർമ്മാണ മേഖല. പക്ഷേ, പാറപ്പൊടി ലോബിക്ക് ഒത്താശയെന്നോണം സർക്കാർ ഉത്തരവ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നെന്നാണ് ആക്ഷേപം.

പുഴകൾ വറ്റുന്ന മാർച്ച് മുതൽ മേയ് വരെ മണൽ വാരാനാണ് ജനുവരിയിൽ ഇറങ്ങിയ ഉത്തരവിൽ നിർദ്ദേശിച്ചത്. കാലവർഷം കനത്ത് പുഴകൾ നിറഞ്ഞാൽ വാരാൽ ദുർഘടമാകും. ചാലിയാർ പുഴയിൽ മലപ്പുറം ഭാഗത്ത് എട്ടു കടവുകൾ നിശ്ചയിച്ചതു മാത്രമാണ് ഏക നടപടി. 2018ലെ മഹാപ്രളയത്തിൽ നദികളിൽ വൻതോതിൽ മണൽ അടിഞ്ഞിരുന്നു.  തീരങ്ങളിൽ വാരിക്കൂട്ടിയശേഷം ലേലം ചെയ്യാനായിരുന്നു തീരുമാനം.

കരമന, വാമനപുരം, നെയ്യാർ, കല്ലടയാർ, അച്ചൻകോവിൽ, പമ്പ, മീനച്ചിൽ, മൂവാറ്റുപുഴ,പെരിയാർ, ചാലക്കുടി, കരുവന്നൂർ, അഞ്ചരക്കണ്ടി, ചാലിയാർ, ചന്ദ്രഗിരി, ഇത്തിക്കര, കബനി, കടലുണ്ടി, കുറ്റ്യാടി നദികളിൽ നിന്നാണ് മണൽ വാരുന്നത്. ഒരു നദിയിൽ ഒന്നര ലക്ഷം ടൺ മണലുണ്ടെന്നാണ് കണക്ക്.