സമസ്തയിലെ ലീഗ് അനുകൂലികൾക്ക് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് പ്രഖ്യാപിച്ച് മുസ്ളീം ലീഗ്. സമസ്ത നേതൃത്വത്തിനെതിരെ പ്രതികരിച്ച മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്‌വിക്ക്‌ ലീഗ് നേതാവിൻെറ പേരിലുളള പുരസ്കാരം നൽകും. പുരസ്കാര ദാനചടങ്ങിൽ ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കം പങ്കെടുത്ത് കളറാക്കും. ലക്ഷ്യം സമസ്തയിലെ ലീഗ് അനുകൂലികൾക്കൊപ്പം പാർട്ടിയുണ്ടെന്ന സന്ദേശം നൽകൽ. ജൂൺ 5ലെ മുശാവറ യോഗത്തിന് മുൻപുളള ലീഗിൻെറ നിർണായക രാഷ്ട്രീയ നീക്കമായി പുരസ്കാര ദാന ചടങ്ങ്

New Update
ajajjaja.jpg

കോഴിക്കോട് : സമസ്തയിലെ ലീഗ് വിരുദ്ധരും ലീഗ് അനുകൂലികളും ചേരിതിരിഞ്ഞ് പോരാടുന്നതിനിടെ സംഘടനയിലെ ലീഗ് ശബ്ദമായി കേന്ദ്ര മുശാവറ അംഗം ഡോ. ബഹാവുദ്ദീൻ നദ്‌വിക്ക്‌ പരസ്യ പിന്തുണയുമായി മുസ്ളിം ലീഗ്. ലീഗ് നേതാവായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ സ്മരണാർത്ഥമുളള പുരസ്കാരം നദ്‌വിക്ക്‌ സമ്മാനിച്ചുകൊണ്ടാണ് ലീഗ്  നേതൃത്വം, സമസ്തയിലെ പാർട്ടി അനുകൂലികൾക്ക് ഉറച്ച പിന്തുണയുണ്ടെന്ന സന്ദേശം നൽകിയത്.

Advertisment

ജൂൺ 3ന് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയേയും  പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിപുലമായി സംഘടിപ്പിക്കുന്ന ചടങ്ങിലൂടെ സമസ്തയിലെ ലീഗ് വിരുദ്ധർക്ക് ശക്തമായ സന്ദേശം നൽകാനും ആലോചിക്കുന്നുണ്ട്.

സമസ്ത കേന്ദ്ര മുശാവറ അംഗവും മുഖപത്രമായ സുപ്രഭാതത്തിൻെറ മുഖ്യ പത്രാധിപരുമായ ബഹാവുദ്ദീൻ നദ്‌വിയുടെ സമസ്ത നേതൃത്വത്തിന് എതിരായ തുറന്നു പറച്ചിലാണ് ഇപ്പോഴത്തെ തർക്കത്തിൻെറ ഏറ്റവും പുതിയ കാരണം. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ വരെ പരസ്യമായി വിമർശിച്ച നദ്‌വിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ സമസ്തക്ക് അകത്തുളള ലീഗ് വിരുദ്ധരോട് വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനമാണ് ലീഗ് നടത്തുന്നത്.

സമസ്തയിലെ ലീഗ് അനുകൂലികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ വലിയ രാഷ്ട്രീയ സന്ദേശം കൂടിയാണ് ലീഗ് നൽകാൻ ശ്രമിക്കുന്നത്. അച്ചടക്ക പ്രശ്നം ഉയർത്തി നദ്‌വി അടക്കമുളള ലീഗ് അനുകൂലികൾക്ക് എതിരെ സമസ്ത നേതൃത്വം നടപടി എടുക്കാൻ തുനിഞ്ഞാൽ അവർക്ക് ഒപ്പം ലീഗ് ഉറച്ചുനിൽക്കുമെന്നാണ് ഇതിലൂടെ ലീഗ് നേതൃത്വം പറയാൻ ശ്രമിക്കുന്നത്. നദ്‌വിയുടെ വിശദീകരണം അടക്കം ചർച്ചയാകുന്ന ജൂൺ 5ലെ സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായുളള ലീഗിൻെറ നിർണായകമായ നീക്കമായും ഇതിനെ കാണാം. എന്നാൽ സമസ്തയിൽ ഭിന്നത ഉണ്ടാക്കാനുളള നീക്കത്തിന് പിന്നിൽ ജമാഅത്തെ ഇസ്ളാമിയാണെന്ന ആരോപണമാണ് ലീഗ് വിരുദ്ധ കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്.1387843-kanthapuram-a-p-aboobacker-musliyar.jpg 

സമസ്ത - ലീഗ് തർക്കം ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട ആണെന്നാണ്  എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ആരോപണം. സമസ്തയേയും മുസ്ളീം ലീഗിനെയും തകർക്കുക എന്നത് ജമാഅത്തെ ഇസ്ളാമിയുടെ എക്കാലത്തെയും അജണ്ടയാണ്. ലീഗിനെയും സമസ്തയേയും തമ്മിൽ തെറ്റിക്കാനാണ് ശ്രമം. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന കുറുക്കൻെറ തന്ത്രമാണ് ജമാഅത്തെ ഇസ്ളാമി പയറ്റുന്നത് എന്നതാണ് മുസ്തഫ മുണ്ടുപാറയുടെ ആരോപണം.

 മുസ്‌ലിം ലീഗ് നേതാവായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ പേരിലുള്ള പുരസ്‌കാരം ജൂൺ 3നാണ് ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്ക് സമ്മാനിക്കുന്നത്. ജൂൺ അഞ്ചിന് സമസ്ത മുശാവറ ചേരുന്നതിന് മുൻപായി നദ്‌വിക്കുള്ള പിന്തുണ ഒന്നുകൂടി പരസ്യമാക്കുകയാണ് ഇതിലൂടെ മുസ്‌ലിം ലീഗ് ഉന്നംവെയ്ക്കുന്നത്.

സമസ്തയിലെ ലീഗ് വിരുദ്ധർക്ക്  മറുപടി നൽകാനുളള വേദിയായി  പരിപാടി മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചടങ്ങിൽ ലീഗ് നേതൃത്വത്തിലെ പ്രമുഖരുടെയെല്ലാം സാന്നിധ്യം ഉണ്ടാകും. ഭിന്നത ശക്തമായതോടെ പ്രതികരണങ്ങളിൽ നിന്ന് മാറി നിൽക്കുന്ന ലീഗ് നേതൃത്വം പ്രതികരണങ്ങൾക്ക് മുതിരരുതെന്ന് എല്ലാവർക്കും നി‍ർദ്ദേശം നൽകിയിരുന്നു. പ്രധാന നേതാക്കൾ വേദിയിലെത്തുന്ന പുരസ്കാരദാന ചടങ്ങിൽ നേതാക്കൾ മൗനം ഭേദിക്കുമോ എന്നതും ആകാംക്ഷയാണ്.

സാദിഖലി തങ്ങൾ അടക്കമുളള നേതാക്കൾ എങ്ങനെ  പ്രതികരിക്കുമെന്നതും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ലീഗ് നേതാക്കളെ പോലെ തന്നെ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സമസ്തയിലെ ലീഗ് അനുകൂലികളുടെ നേതാവായി മാറിയിരിക്കുന്ന ഡോ. ബഹാവുദ്ദീൻ  നദ്‌വിക്ക് പിന്തുണയുമായി മറ്റ് മുസ്ളീം സംഘടനകളും രംഗത്ത് വന്നേക്കും.

Advertisment