ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി, ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപി: കെ സുരേന്ദ്രന്‍

New Update
k surendran Untitledd1.jpg

തിരുവനന്തപുരം: ബിജെപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കുമെന്ന് കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന വിശാല നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാരിനെയും കമ്യൂണിസ്റ്റ് മാടമ്പിത്തരത്തെയും കേരളത്തില്‍ നിന്നും കെട്ടുകെട്ടിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും യോഗത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ ഏഴുപതിറ്റാണ്ടു കാലത്തെ കേരള രാഷ്ട്രീയത്തിന്റെ പ്രയാണത്തില്‍ വഴിത്തിരിവ് ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പോടെ ഉണ്ടായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഇതുവരെ എല്‍ഡിഎഫ് അല്ലെങ്കില്‍ യുഡിഎഫ് ആണ് വിജയിച്ചു വന്നിരുന്നത്. എന്നാല്‍ കേരളത്തില്‍ ഇവരെ കൂടാതെ മൂന്നാമതൊരു മുന്നണിയെ കൂടി കേരളത്തിലെ ജനങ്ങള്‍ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇരു മുന്നണികളേയും പിന്തള്ളിയുള്ള അത്യുജ്ജ്വല വിജയം.

ഇതു കേരളമാണ്. ഒരു മണ്ഡലത്തിലും ബിജെപി ഒന്നാം സ്ഥാനത്തു പോയിട്ട് രണ്ടാം സ്ഥാനത്തു പോലും എത്തില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞിരുന്നത്. കോണ്‍ഗ്രസും ഇതാവര്‍ത്തിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ പറയുന്നു. ഇത് കേരളമാണ്. ബിജെപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തി. ഇനി കേരളം ഭരിക്കാന്‍ പോകുന്നത് ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവുമായിരിക്കും. കെ സുരേന്ദ്രന്‍ പറഞ്ഞു.

Advertisment
Advertisment