/sathyam/media/media_files/yW7XJMPSr534AtKftVKs.jpg)
തിരുവനന്തപുരം: കൊലവിളിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളെയും മാഫിയകളെയും ഒതുക്കാൻ വർഷത്തിൽ ഒരു തവണ മാത്രമാണ് പോലീസ് സ്പെഷ്യൽ ഓപ്പറേഷനുകൾ നടത്തുന്നത്. അതും ഗുണ്ടാ അക്രമവും കൊലപാതകങ്ങളും ഉണ്ടാവുകയും മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്യുമ്പോൾ മാത്രം.
ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് ഇപ്പോഴത്തെ ഗുണ്ടാവേട്ട. ഇതിനകം 300 പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഓപ്പറേഷൻ ആഗ്- ഗുണ്ടാവേട്ടയിൽ 2000പേരാണ് അറസ്റ്റിലായത്. 1500കേസുകളുമുണ്ടായി. പിന്നീടിപ്പോഴാണ് ഗുണ്ടാവേട്ട നടത്തുന്നത്.
ഗുണ്ടകളും മാഫിയകളും പോലീസുമായി ചങ്ങാത്തത്തിലായതോടെയാണ് സംസ്ഥാനത്ത് ഗുണ്ടാവേട്ട നിലച്ചത്. കേസ് വിവരങ്ങൾ ശേഖരിച്ച് കാപ്പ ചുമത്തുന്നതും നാടുകടത്തുന്നതും കരുതൽ തടങ്കലിലാക്കുന്നതുമടക്കം നിലച്ചമട്ടാണ്. ഗുണ്ടാബന്ധമുള്ള പോലീസുകാരെ ക്രമസമാധാനചുമതലയിൽ നിന്നൊഴിവാക്കുന്നുമില്ല. ഇരുപതിലേറെ കേസുകളുള്ള ഗുണ്ടകൾ പോലും നാട്ടിൽ സ്വൈരവിഹാരം നടത്തുന്നു. മേൽനോട്ടചുമതലയുള്ള ഉദ്യോഗസ്ഥരാവട്ടെ അനങ്ങുന്നുമില്ല. മുഖ്യമന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി ആർ.രാജശേഖരൻ നായരുടെ സഹോദരൻ ശ്രീകുമാരൻനായരെ ഗുണ്ടകൾ മർദ്ദിച്ച് കിണറ്റിലെറിഞ്ഞതിനെത്തുടർന്നാണ് ഗുണ്ടാ-മാഫിയാ ബന്ധമുള്ള പോലീസുകാർക്കെതിരേ നടപടി തുടങ്ങിയത്.
രാഷ്ട്രീയ സമ്മർദ്ദം കാരണം ഇത് പാതിവഴിയിൽ നിലച്ചുപോയി. തിരുവനന്തപുരത്ത് പീഡനക്കേസിലെ പ്രതികളായ രണ്ട് പൊലീസുകാരെയും പീഡനക്കേസ് ഒതുക്കിത്തീർത്ത ഒരു സി.ഐയെയും പിരിച്ചുവിടുകയും ഗുണ്ടാ ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പി, നാല് സി.ഐ, ഒരു എസ്.ഐ എന്നിവരെ സസ്പെൻഷനിലാക്കുകയും ചെയ്തിരുന്നു. മാഫിയാബന്ധമുള്ള മംഗലപുരം സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും സ്ഥലംമാറ്റി. പിന്നാലെ രാഷ്ട്രീയക്കാരുടെയും പൊലീസ് സംഘടനകളുടെയും സമ്മർദ്ദംകാരണം നടപടികൾ ഉപേക്ഷിച്ചു.
പോലീസ് റിപ്പോർട്ടനുസരിച്ചാണ് ഗുണ്ടകൾക്കെതിരേ കളക്ടർമാർ ഗുണ്ടാനിയമം ചുമത്തുന്നത്. 5വർഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതൽ അഞ്ചു വർഷം വരെ ശിക്ഷിക്കാവുന്ന രണ്ട് കേസുകൾ എന്നിവയോ മൂന്ന് കേസുകൾ വിചാരണ ഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്തുക.
7വർഷത്തെ ക്രിമിനൽ ചരിത്രവും പരിശോധിക്കും. കളക്ടർക്കുള്ള അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഗുണ്ടകളെ രക്ഷിക്കുക. ഇതിനായി കേസ്‌നമ്പറും കേസുകളുടെ വകുപ്പും സെക്ഷനുകളും തെറ്റിച്ചെഴുതും. ഇതോടെ കളക്ടർക്ക് ഉത്തരവിറക്കാനാവില്ല. മന:പൂർവം പഴുതുണ്ടാക്കി ഗുണ്ടകളെ രക്ഷപെടുത്തുകയാണ് പതിവ്. മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെ പോലീസുകാരുടെ ചങ്ങാതിമാരാണെന്ന് വിജിലൻസ് മേധാവി ടി.കെ.വിനോദ്കുമാർ നേരത്തേ തുറന്നുപറഞ്ഞിരുന്നു.
ഗുണ്ടാവേട്ടയുടെ രഹസ്യങ്ങൾ ചോർത്തിയും കേസുകൾ ഒതുക്കിയും എതിർസംഘങ്ങളെ ജയിലിലടച്ചുമൊക്കെയാണ് പോലീസിന്റെ ഗുണ്ടാച്ചങ്ങാത്തം. പ്രതിഫലമായി മാസപ്പടി. സസ്പെൻഷനിലായ ഡിവൈ.എസ്.പിയുടെ മകളുടെ പിറന്നാളാഘോഷത്തിന്റെ ചെലവ് വഹിച്ചത് ഗുണ്ടകളായിരുന്നു. ഗുണ്ടാനേതാക്കൾക്കായി എതിരാളികളുടെ ഫോൺചോർത്തുന്നതും പതിവാണ്.
ഗുണ്ടകൾക്കെതിരേ പരാതി നൽകുന്നവരെ ഭീഷണിപ്പെടുത്തി കേസ് പിൻവലിപ്പിക്കാനും ഭൂമിയിടപാടുകൾ നടത്താനും പണമിടപാടുകൾ ഒത്തുതീർക്കാനുമെല്ലാം പോലീസ് ഒത്താശയുണ്ട്. ഗുണ്ടാബന്ധമുള്ള പോലീസുകാർക്കെതിരേ ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം നടപ്പാക്കിയില്ല. ഗുണ്ടാ-ക്രിമിനൽ ബന്ധം കണ്ടെത്താൻ നിയോഗിച്ച രഹസ്യസെല്ലുകളും നിർജ്ജീവം.
ഗുണ്ടാബന്ധം കണ്ടെത്തിയാലും നല്ലനടപ്പ്, പരിശീലനം, സസ്പെൻഷൻ, സ്ഥലംമാറ്റം എന്നിങ്ങനെയാണ് ശിക്ഷ.കേരളത്തിലാകെ എത്ര ഗുണ്ടകളുണ്ടെന്ന കൃത്യമായ കണക്കുപോലും പോലീസിന്റെ പക്കലില്ല. സ്ഥിരമായി ഗുണ്ടാപ്രവർത്തനം നടത്തുന്ന 4500 പേർ സംസ്ഥാനത്തുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. 1300പേർ അതീവ അപകടകാരികളാണ്.
ഇവർ എപ്പോൾ വേണമെങ്കിലും അക്രമങ്ങൾ നടത്താൻ സജ്ജരായിരിക്കുന്നവരാണ്. എന്നാൽ കഴിഞ്ഞവർഷം ജില്ലകളിൽ പ്രത്യേക ഓപ്പറേഷൻ പ്രഖ്യാപിച്ച പോലീസ് 13,032 ഗുണ്ടകളെ ഒരുമാസം കൊണ്ട് പിടികൂടി. രണ്ടിലേറെ ക്രിമിനൽ കേസുകളുള്ളവരെയെല്ലാം പിടികൂടി ഗുണ്ടാവിരുദ്ധ ഓപ്പറേഷന്റെ വലിപ്പം കൂട്ടിയതു കൊണ്ടുമാത്രം കാര്യമില്ല.
അപകടകാരികളായ ഗുണ്ടകളുടെ പട്ടികയുണ്ടാക്കി അവരെ കൃത്യമായി കരുതൽ തടങ്കലിലാക്കണം. ജാമ്യം നേടി പുറത്തിറങ്ങാനു ള്ള പഴുതുകൾ അടയ്ക്കണം. എങ്കിലേ ജനങ്ങൾക്ക് ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനാവൂ. ഗുണ്ടകളുമായി ചില പോലീസുകാർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവരെ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നെന്ന ആക്ഷേപവുമുണ്ട്