തിരുവനന്തപുരം: പി.വി.അൻവർ എം.എൽ.എയും എ.ഡി.ജി.പി എം.ആർ അജിത്കുമാറും അനധികൃതമായി ഫോൺ ചോർത്തിയെന്ന ആരോപണം ഒതുക്കിതീർത്ത് സർക്കാർ. ഇരുവരും ആരുടെയും ഫോൺ ചോർത്തിയിട്ടില്ലെന്ന് ഗവർണർക്ക് സർക്കാർ മറുപടി നൽകും.
സർക്കാരിന്റെ മറുപടി രാജ്ഭവനിലെത്തും മുൻപ് ഉദ്യോഗസ്ഥർ ചോർത്തിയെന്നതാണ് ഏറെ കൗതുകകരം. സർക്കാരിന്റെ മറുപടി ഇന്ന് ഉച്ചവരെ ഗവർണർക്ക് കിട്ടിയിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു. എന്നാൽ വിവരം പുറത്തറിയുകയും ചെയ്തു. ഇതോടെ സർക്കാർ രഹസ്യമായി തയ്യാറാക്കുന്ന വിവരങ്ങളും ചോരുന്നുണ്ടെന്ന് ഉറപ്പായി.
അൻവർ വിവാദം കനത്തതോടെ ഉദ്യോഗസ്ഥർക്കിടയിലുണ്ടായ ചേരിപ്പോരാണ് വിവരങ്ങൾ ചോരാൻ കാരണമെന്നാണ് സൂചന. നിയമവിരുദ്ധമായ ഫോൺചോർത്തലുകളിൽ സർക്കാർ എന്ത് നടപടിയെടുത്തെന്ന് ഉടനടി അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തുനൽകിയിരുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഫോൺ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ ചോർത്തിയെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണം ഗൗരവമേറിയതാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായതിനാൽ ഇതേക്കുറിച്ച് അന്വേഷിക്കണം.
അൻവർ പുറത്തുവിട്ട എസ്.പി സുജിത്ത്ദാസുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ചും അന്വേഷണം വേണം. പൊലിസുദ്യോഗസ്ഥരുടെ ക്രിമിനൽ ബന്ധം ഈ സംഭാഷണത്തിൽ നിന്ന് വ്യക്തമാവുന്നുണ്ട്.
പൊലീസിന് ചോർത്താനാവുന്ന വിവരങ്ങൾ പുറമെയുള്ളവർക്ക് ലഭിക്കുന്നത് ആശങ്കാജനകമാണ്. ഫോൺ ചോർത്തൽ സുപ്രീംകോടതി ഉത്തരവുകൾക്കും കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾക്കും വിരുദ്ധമാണ്. സോഫ്‌റ്റ്‌വെയറുപയോഗിച്ച് ഫോൺചോർത്തിയെന്ന എം.എൽ.എയുടെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്.
അനധികൃതമായ ഫോൺ ചോർത്തൽ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ നിഷേധിക്കലാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഗവർണർ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നൽകാതെ സർക്കാർ വൈകിപ്പിച്ചു.
ഫോൺ ചോർത്തൽ- മറുപടിയില്ലെങ്കിൽ അടുത്ത നടപടി
പക്ഷേ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് സർക്കാരിന് കത്തയച്ച് കാത്തിരിക്കുകയാണെന്നും രണ്ടു ദിവസത്തിനുള്ളിൽ അടുത്ത നടപടിയിലേക്ക് കടക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിൽ പറഞ്ഞതോടെ സർക്കാർ മറുപടി തയ്യാറാക്കി.
ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. സ്വകാര്യതയ്‌ക്കെതിരായ കടന്നുകയറ്റം എന്നതിനെക്കാൾ സുപ്രീംകോടതി നിർദ്ദേശങ്ങളുടെ ലംഘനവുമാണ്. നിയമപരമായ അനുമതിയില്ലാതെ ആർക്കും ഫോൺ ചോർത്താൻ അവകാശമില്ല- ഇതായിരുന്നു ഗവർണറുടെ നിലപാട്.
അതേസമയം, ഫോൺചോർത്തിയതായി അൻവർ വെളിപ്പെടുത്തിയിട്ടും ഇതുവരെ കേസെടുത്തിട്ടില്ല, അന്വേഷണവുമില്ല. എഡിജിപി മുഖ്യമന്ത്രി ഉൾപ്പെടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിനു മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താസമ്മേളനത്തിലാണ് ആരോപിച്ചത്.
വിവാദത്തിൽ ഉദ്യോഗസ്ഥർക്കിടയിലും ചേരിപ്പോര്
എന്നാൽ അൻവറോ എഡിജിപിയോ ഫോൺ ചോർത്തിയിട്ടില്ലെന്നു ഡിജിപി നൽകിയ റിപ്പോർട്ടാണു സർക്കാർ ഗവർണർക്കുള്ള മറുപടിയായി നൽകുക. അന്വേഷണത്തിന്റെ ഭാഗമായി തൃശൂർ റേഞ്ച് ഐജി തോംസൺ ജോസിന് അൻവർ നൽകിയ മൊഴിയിൽ ഫോൺ ചോർത്തുകയല്ല, റിക്കോർഡ് ചെയ്യുകയാണുണ്ടായതെന്നു പിന്നീട് വിശദീകരിച്ചിരുന്നു. ഇക്കാര്യവും ഡിജിപിയുടെ റിപ്പോർട്ടിലുണ്ട്.
ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരുദ്യോഗസ്ഥനും ഫോൺ ചോർത്താൻ കഴിയില്ലെന്നു ഡിജിപി പറയുന്നു. ഫോൺ ചോർത്തുന്നതിന്റെ നടപടിക്രമങ്ങളും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.
രാജ്യദ്രോഹം, കള്ളനോട്ട് കേസുകളുമായി ബന്ധമുള്ളവരുടെ ഫോൺ നിയമാനുസൃതം ചോർത്താം. അനുമതി നൽകുന്നത് പരിശോധിക്കാൻ ചീഫ്സെക്രട്ടറി, നിയമ-പൊതുഭരണ സെക്രട്ടറിമാരടങ്ങിയ ഉന്നതസമിതിയുണ്ട്. കാരണം വിശദീകരിച്ച് ഐ.ജി മുതലുള്ളവർക്ക് ആഭ്യന്തരസെക്രട്ടറിയുടെ അനുമതി തേടാം.
രണ്ടു മാസത്തേക്കാണ് ആദ്യഅനുമതി. പിന്നീട് ഒരു മാസം നീട്ടാം. ചോർത്തലിന് മാസംതോറും പൊലീസ് നൂറിലേറെ അപേക്ഷ നൽകുമെങ്കിലും പത്തെണ്ണം പോലും അനുവദിക്കാറില്ല. ആഭ്യന്തരസെക്രട്ടറിയുടെ അനുമതിയോടെ നൂറിൽതാഴെപ്പേരുടെ ഫോൺ സ്ഥിരമായി ചോർത്തുന്നുണ്ട്.
മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും മാദ്ധ്യമപ്രവർത്തകരുടെയും ഉന്നതഉദ്യോഗസ്ഥരുടെയുമൊക്കെ ഫോൺചോർത്തുന്നുണ്ട്. ഫോൺ ചോർത്തലിന്റെ ശിക്ഷയേറ്റുവാങ്ങാൻ തയ്യാറാണെന്ന് അൻവർ നേരത്തേ പറഞ്ഞിരുന്നു.
എന്നാൽ തനിക്കു വന്ന ഫോൺവിളികൾ റെക്കാഡ് ചെയ്തതിനപ്പുറം അൻവർ ഫോൺ ചോർത്തിയിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. അതേസമയം, പൊലീസിന്റെ ഫോൺചോർത്തൽ സംവിധാനം ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന ആശങ്കയുമുണ്ട്.
ഇതേക്കുറിച്ച് അന്വേഷണം വന്നാൽ പൊലീസിന്റെ രഹസ്യ ഫോൺചോർത്തൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് ഭയക്കുന്നു. 5വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനധികൃത ഫോൺ ചോർത്തൽ.
ഫോൺ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തൽ ഡിജിപിയുടെ അന്വേഷണ സംഘം പരിശോധിക്കട്ടെയെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞെങ്കിലും ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ പരിധിയിൽ ഫോൺ ചോർത്തലില്ല. അൻവർ ഫോൺവിളികൾ റെക്കാഡ് ചെയ്ത് പുറത്തു വിടുന്നതിനെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.